പാലാ : പാലായിലെ കളിക്കളത്തിൽ പാലാ സി.ഐ കെ.പി.ടോംസൺ നയിച്ച ബ്രസീൽ തന്നെയാണ് താരം. എസ്.ഐ അഭിലാഷ് എം.ഡി നയിച്ച അർജന്റീന ടീമിനെ ടോംസണിന്റെ ബ്രസീൽ ടീം തൂത്തെറിഞ്ഞു. നാലിനെതിരെ ഏഴു ഗോളുകൾക്ക് മിന്നുന്ന ജയം. കോരിച്ചൊരിഞ്ഞ മഴയ്ക്കപ്പുറം പാലായിൽ പുൽക്കോർട്ടിൽ ടോംസണും സംഘവും ഗോൾമഴ പെയ്യിച്ചപ്പോൾ അഭിലാഷും സംഘവും അടിയറവ് പറഞ്ഞു. ലോകകപ്പ് ഫുട്‌ബാൾ മത്സരത്തിന്റെ ആവേശം ഉണർത്തി പാലാ ഫുട്‌ബാൾ ക്ലബിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നടത്തിയ അർജന്റീന - ബ്രസീൽ പ്രതീകാത്മക മത്സരമാണ് കാണികൾക്ക് ആവശേമായത്. പാലാ ഗ്രിഡ് 35 സോക്കർലാന്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്തു. പാലാ ഫുട്‌ബാൾ ക്ലബ് പ്രസിഡന്റ് സിബി ജോസഫ്, സന്തോഷ് പാറയിൽ തുടങ്ങിയവർ നേതൃത്വം നല്കി.