കുമരകം : കോണത്താറ്റുപാലം നിർമ്മാണത്തിനായി ഒരുക്കിയ ബദൽ റോഡിൽ ലോക്ക് കട്ടകൾ പാകി നവീകരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രിയിൽ റോഡിലെ ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തികൾ നടത്തിയത്. തോട്ടിലെ ബണ്ട് റോഡിൽ നിന്ന് ഗുരുമന്ദിരം വരെയുള്ള വഴിയിലാണ് ടൈൽ പാകൽ. മൂന്നാംഘട്ടമായി ആശുപത്രി കവാടം വരെയുള്ള ഭാഗത്തുകൂടി ലോക്ക് കട്ട സ്ഥാപിയ്ക്കുന്നതോടെ ഇതു വഴിയുള്ള കാൽനടക്കാരുടെയും, ചെറുവാഹനങ്ങളുടെയും യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടപാകൽ. പത്തു ലക്ഷം രൂപയാണ് പദ്ധതി അടങ്കൽ. പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, വൈസ് പ്രസിഡന്റ് വി.കെ.ജോഷി എന്നിവർ നേതൃത്വം നൽകി.