കോട്ടയം: സംഗീതപ്രേമികൾക്ക് അവധിദിനങ്ങളിലെ സായാഹ്നങ്ങൾ സംഗീതരാവാക്കി മാറ്റാൻ പുഴയുടെ തീരത്തൊരു മ്യൂസിക്കൽ ഹബ്. ചെമ്പ് മുറിഞ്ഞപുഴയിലെ പഴയപാലത്തിലാണ് മ്യൂസിക്കൽ ഹബ് പ്രവർത്തിക്കുന്നത്. പ്രാദേശിക ടൂറിസം സാധ്യതകൾക്ക് വഴിയൊരുക്കുകയാണ് മൂവാറ്റുപുഴയാറിന് കുറുകെയുള്ള പഴയപാലത്തിലെ ഈ സംഗീതവിരുന്ന്. ചെമ്പ് പഞ്ചായത്തിന്റെ ടൂറിസം പ്രമോഷന്റെ ഭാഗമായി ഉട്ടോപ്യ എന്ന സംഘടനയും ചേർന്നാണ് മ്യൂസിക്കൽ ഹബ് യാഥാർത്ഥ്യമാക്കിയത്. വിവിധ ജില്ലകളിലെ കലാകാരൻമാരുടെ കൂട്ടായ്മയാണ് ഉട്ടോപ്യ. ബാൻഡ്, നാടൻ പാട്ട്, ഫ്യൂഷൻ, വയലിൻ, ഡാൻസ്, തെരുവ്‌നാടകം തുടങ്ങിയ കലാപരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. പ്രാദേശിക കലാകാരൻമാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഇവിടെ അവസരമുണ്ട്.
എല്ലാ ഞായറാഴ്ച്ചകളിലുമാണ് പരിപാടി. വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സംഗീതനിശ രാത്രി 9.30 വരെ നീളും. പ്രദേശത്തുള്ളവരും വഞ്ചിവീടുകളിൽ എത്തുന്നവരുമായി നിരവധി പേരാണ് സംഗീത പരിപാടി ആസ്വദിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന്, താത്ക്കാലികമായി പരിപാടി നിർത്തിവെച്ചിരിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.