വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉൽസവത്തോടനുബന്ധിച്ചുള്ള തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് നാളെ നടക്കും.ഏഴാം ഉത്സവ ദിവസം നടക്കേണ്ട വിളക്കെഴുന്നള്ളിപ്പാണ് തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്. ഇത് എട്ടാം ഉത്സവ ദിവസം പുലർച്ചെ 4 നാണ് നടക്കുക. എഴുന്നള്ളിപ്പ് ക്ഷേത്രഗോപുരം കടന്ന് നാലു കിലോമീറ്റർ അകലെയുള്ള അരിമ്പ് കാവ് ക്ഷേത്രം വരെ എത്തും. അരിമ്പു കാവിൽ ഇറക്കി പൂജയും നിവേദ്യവുമുണ്ട്. ഭക്തർ നിറദീപവും നിറപറയും ഒരുക്കി എഴുന്നള്ളിപ്പിനെ വരവേൽക്കും. കമഴ്ത്തി പിടിച്ച് ശംഖ് ഊതി എഴുന്നള്ളിപ്പ് തിരിച്ച് പോരും. തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പോയതിന് ശേഷമായിരിക്കും ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനം. ഉത്സവബലി ഇന്ന് സമാപിക്കും. നാളെ വൈകിട്ട് 5 ന് തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിൽ 50ലധികം കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം അരങ്ങേറും.

ഉദയനാപുരത്തെ സംയുക്ത എൻ എസ് എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുലവാഴ പുറപ്പാട് നാളെ വൈകിട്ട് 3 ന് ആരംഭിക്കും. 814 -ാം പടിഞ്ഞാറെ മുറി കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്ന് 3 ന് ആരംഭിച്ച് 4 ന് ക്ഷേത്രത്തിലെത്തി പടിഞ്ഞാറു ഭാഗത്തു കെട്ടി അലങ്കരിക്കും. കിഴക്കേമുറിയുടേത് ഇരുമ്പൂഴിക്കര എൻ.എസ്.എസ് കരയോഗം ഓഫീസിൽ നിന്ന് 3 ന് പുറപ്പെട്ട് 4 ന് ക്ഷേത്രത്തിലെത്തി കിഴക്കുഭാഗത്തും വടക്കേമുറി കരയോഗം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് 2.30 ന് ആരംഭിച്ച് 3.15 ന് ക്ഷേത്രത്തിലെത്തി വടക്കു ഭാഗത്തും, തെക്കേമുറി കരയോഗ ത്തിന്റെ കുലവാഴ പുറപ്പാട് കൊച്ചു ഭഗവതിക്കൽ ക്ഷേത്രത്തിൽ നിന്ന് 3.30 ന് ആരംഭിച്ച് 4.30 ന് ക്ഷേത്രത്തിലെത്തി തെക്കുഭാഗവും കെട്ടി അലങ്കരിക്കും.

താമര വില്ല് വർണ്ണക്കുട
താമര വില്ല് വർണ്ണക്കുടയുമായി ഉദയനാപുരത്തപ്പന്റെ വലിയ വിളക്കെഴുന്നള്ളിപ്പ് ഭക്തർക്ക് വിസ്മയ കാഴ്ചയായി. തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ ആദ്യമായാണ് ഈ വർണ്ണക്കുട ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഉദയനാപുരം തൃക്കാർത്തിക മഹോത്സവത്തിന്റെ ആറാം ദിനത്തിൽ നടന്ന വലിയ വിളക്കിന് ദേവസേനാപതിയുടെ തിടമ്പ് ഗജരാജൻ ചിറക്കടവ് തിരുനീലകണ്ഠൻ ശിരസിലേറ്റി. അമ്പാടി ബാലനാരായണൻ , മലയിൻകീഴ് ശ്രീവല്ലഭൻ എന്നീ ആനകൾ അകമ്പടിയായി. ഒരു ലക്ഷം രൂപ വരുന്ന വില്ലു കുട ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചതാണ്.

ക്ഷേത്രത്തിൽ ഇന്ന്

ഏഴാം ഉൽസവം

രാവിലെ 5 ന് പാരായണം
8 ന് ശ്രീബലി,
9 ന് പാരായണം
11 ന് കാസർകോട് തിരുവാതിര കളി
12 ന് പ്രസാദ ഊട്ട്
1 ന് ഉൽസവ ബലി ദർശനം
വൈകിട്ട് 4ന് കാഴ്ച ശ്രീബലി,മയൂര നൃത്തം

9ന് തിരുവനന്തപുരം സർഗ്ഗ വീണയുടെ ബ്രഹ്മാണ്ഡ നായകൻ ബാലെ,

വെളുപ്പിന് 5 ന് വിളക്ക് തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്.