കോട്ടയം. ഹൃദയരോഗ ചികിത്സാരംഗത്ത് പുതുചരിത്രമെഴുതി കോട്ടയം കാരിത്താസ് ആശുപത്രി. ശസ്ത്രക്രിയ കൂടാതെ ഹൃദയത്തിലെ ട്രൈക്‌വാൽവ് മാറ്റിവെയ്ക്കാൻ സൗകര്യമുള്ള മദ്ധ്യതിരുവിതാംകൂറിലെ ആദ്യത്തെ ആശുപത്രിയായി മാറി കാരിത്താസ്. ട്രൈക്യുസ്പിഡ് വാൽവിലെ പ്രശ്‌നത്തെ തുടർന്ന്, കരൾ, വൃക്ക രോഗങ്ങളും ശ്വാസതടസവും നേരിട്ട എഴുപതുകാരിയായ മറിയാമ്മ ഫിലിപ്പോസിന് ശസ്ത്രക്രിയ കൂടാതെ, ഹൃദയത്തിലെ ട്രൈക്‌വാൽവ് മാറ്റിവക്കൽ നടത്തി.

പ്രായാധിക്യത്തെ തുടർന്ന് ഹൃദയ വാൽവുകൾ ചുരുങ്ങുകയോ ലീക്ക് ചെയ്യുകയോ ചെയ്യുന്നത് മൂലം ഉയർന്ന രക്തസമ്മർദം, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടാകുന്ന അവസ്ഥയിൽ, അപൂർവമായി മാത്രം ചെയ്യപ്പെടുന്ന ഹൃദയം തുറക്കാതെയുള്ള നൂതന പ്രക്രിയയാണ് ട്രൈക്‌വാൽവ് മാറ്റിവയ്ക്കൽ. ഹൃദയം തുറന്ന് വാൽവുകൾ വയ്ക്കൽ എന്ന ശസ്ത്രക്രിയയാണ് നാളിതുവരെ ചെയ്തിരുന്നത്. ഹൃദയത്തിലെ അയോട്ടിക് വാൽവ് മാറ്റിവയ്ക്കുന്ന ടാവി എന്ന നൂതന പ്രക്രിയയുണ്ടെങ്കിലും ട്രൈക്യുസ്പിഡ് വാൽവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹൃദയം തുറന്ന ശസ്ത്രക്രിയയാണ് ഉചിതമെന്ന് അധികൃതർ പറഞ്ഞു. ആശുപത്രി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ദീപക്ക് ഡേവിഡ്‌സണിന്റെ മേൽ നോട്ടത്തിൽ, ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ജോണി ജോസഫ്, ഡോ.രാജേഷ് രാമൻകുട്ടി, ഡോ.നിഷാ പാറ്റാനി, ഡോ.ജോബി കെ.തോമസ്, ഡോ.തോമസ് ജോർജ് എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.