
പൊലീസുകാരെക്കഴിഞ്ഞും കഷ്ടമാണ് കോട്ടയത്തെ സദാചാര ഗുണ്ടാ പൊലീസ്. സ്വാധീനമോ ചില്ലറയോ ഉണ്ടെങ്കിൽ സാദാ പൊലീസിനെ ഒതുക്കാം. എന്നാൽ സദാചാരക്കാർ അങ്ങനെയല്ല, സടകുടഞ്ഞെഴുന്നേൽക്കും പിന്നെ മുഖം നോക്കാതെയാ നടപടി.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ തലേന്ന് മർദ്ദനമേറ്റ സഹപാഠിയെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം സുഹൃത്തുമായി രാത്രി തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ സി.എം.എസ് കോളേജിലെ വിദ്യാർത്ഥിനിയുടെ നേരെയായിരുന്നു സദാചാര വിചാരണയുടെ ലാസ്റ്റ് എഡിഷൻ. രാത്രി സ്ത്രീകളെ അന്യ പുരുഷനൊത്തു കണ്ടാൽ ചിലർക്കു മറ്റേതാണെന്ന ഇളക്കം തോന്നും. സദാചാര രോമകൂപങ്ങൾ അതോടെ എഴുന്നേൽക്കും. വിദ്യാർത്ഥിനിയെയും ആൺസുഹൃത്തിനെയും പിന്തുടർന്ന് നഗരമദ്ധ്യത്തിൽ വച്ച് മർദ്ദിച്ചു. കാഴ്ചക്കാരായി ചോരയും നീരുമുള്ളവർ പലരുമുണ്ടായിട്ടും ഗുണ്ടാ ആക്രമണത്തെ തടഞ്ഞില്ല. "ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാൽ കാണാനെന്തൊരു ചേലെന്ന " ചൊല്ല് അനുസരിച്ച് കാഴ്ചക്കാരായി. ചില സദാചാര കാമറാൻമാർ അത് മൊബൈലിൽ പകർത്തി ആസ്വദിക്കുകയായിരുന്നു. നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പൊലീസ് അതു വഴി വന്നതു കൊണ്ട് മാത്രം ഗുണ്ടകൾ പിടിയിലായി.
ഭരണ കക്ഷിയുമായി ബന്ധമുള്ളതിനാൽ ഗുണ്ടകളെ രക്ഷിക്കാൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ കളത്തിലിറങ്ങിയതോടെ കേസെടുക്കാൻ പൊലീസ് മടിച്ചു. പെൺകുട്ടിക്കൊപ്പം മർദ്ദനമേറ്റ സുഹൃത്ത് പാർട്ടിയുടെ ഉന്നത നേതാവിന് താത്പര്യമുള്ളയാളായതിനാൽ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം സംസ്ഥാന നേതാവ് ഉന്നയിച്ചതോടെ പ്രാദേശിക നേതാക്കളെ മറി കടന്ന് പൊലീസ് കേസെടുക്കാൻ നിർബന്ധിതമാവുകയായിരുന്നു.
സദാചാര ഗുണ്ടാ പൊലീസ് ഇടപെടൽ ഇത് ആദ്യമല്ല. കേരളത്തിൽ ദിവസം ഒരു കേസെങ്കിലും ഉണ്ടാകും. ഒരു യുവതിയുമായി യുവാവ് സംസാരിച്ചാൽ, അടുത്തിടപഴകിയാൽ തനിക്ക് ഇത് സാധിക്കുന്നില്ലല്ലോ എന്ന അസൂയ ചിലർക്ക് ഉണ്ടാകുന്നതോടെയാണ് സദാചാരം സടകുടഞ്ഞെഴുന്നേൽക്കുന്നത്. ഒത്തു കിട്ടിയാൽ ചെറ്റ പൊക്കുന്ന പലരും പിന്നെ പകൽ മാന്യന്മാരാകും. വീറോടെ സദാചാരത്തെക്കുറിച്ച് വാദിക്കും. ഇരകൾ നിസ്സഹായരാകുമെന്നതിനാൽ ഷൈൻ ചെയ്യാൻ ലഭിച്ച അവസരമെന്ന നിലയിൽ വിചാരണയുടെ നേതൃത്വമേറ്റെടുത്ത് സദാചാര ജഡ്ജിയാകും. ഒരു ഘട്ടം കഴിഞ്ഞാൽ തല്ലാൻ ലൈസൻസ് ലഭിച്ച അധികാരിയായി മാറും. വായ് നോക്കികളായ നാട്ടുകാരുടെ പിന്തുണ ലഭിച്ചാൽ പിന്നെ ഗുണ്ടായായി മാറാൻ സമയം വേണ്ട. അടിയും ചവിട്ടും തൊഴിയുമൊക്കെ മൊബൈലിൽ പിടിച്ച് സാമൂഹ്യമാദ്ധ്യങ്ങളിൽ സദാചാര പൊലീസാകാൻ മത്സരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മാക്സിമം നാറ്റിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം . സംഗതി പൊലീസിന്റെ കൈയ്യിൽ കിട്ടി കേസിൽ പെടുന്ന സദാചാരക്കാർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുകയും പെട്ടെന്ന് പെടുക്കുകയും ചെയ്യുന്ന പേടിത്തൊണ്ടന്മാരായി മാറുന്ന കാഴ്ച രസകരമാണ് .
രാത്രി ഒറ്റക്കോ ആൺസുഹൃത്തിനൊപ്പമോ നടക്കാൻ എല്ലാ സ്ത്രീകൾക്കും അവകാശമുണ്ട്. രക്തം ഊറ്റുന്ന നോട്ടം ശങ്കരപ്പിള്ളമാരായി ഇത് തടയാൻ ശ്രമിക്കുന്ന പല സദാചാര ഗുണ്ടകളും കാമഭ്രാന്തന്മാരാണെന്നു പറയാം. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാൻ പൊലീസ് തയ്യാറാകുന്നതിന് പുറമേ നാട്ടുകാരും സംഘടിച്ച് ഇരക്കൊപ്പം നിന്ന് സദാചാരക്കാരെ നന്നായി കൈകാര്യം ചെയ്തു പൊലീസിൽ ഏൽപ്പിക്കുന്ന സ്ഥിതി ഉണ്ടായാലേ സദാചാരഗുണ്ടായിസത്തിന് എന്തെങ്കിലും മാറ്റമുണ്ടാകൂ.