ഗതാഗതക്കുരുക്കിൽ വലഞ്ഞ് തീർത്ഥാടകർ

എരുമേലി:നഗരത്തിൽ എവിടേക്ക് തിരിഞ്ഞാലും തിരക്കാണ്... ഗതാഗതക്കുരുക്കിൽപെട്ട് ശബരിമല തീർത്ഥാടകർ ഉൾപ്പെടെ വലയുകയാണ്.

മുൻവർഷത്തേക്കാൾ വലിയ തിരക്കാണ് എരുമേലി നഗരത്തിൽ അനുഭവപ്പെടുന്നത്. നഗരത്തിൽ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതു തെറ്റിച്ച് വാഹനങ്ങൾ പോകുന്നത് നീണ്ട ഗതാഗതക്കുരുക്കിനാണ് കാരണമാകുന്നത്. കെ.എസ്.ആർ.ടി.സി – ടിബി റോഡ് വഴിയാണ് ഒറ്റവരി ഗതാഗതം. എന്നാൽ ഈ റോഡിൽ ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടത്തിവിടുകയാണ്. പേട്ടക്കവല മുതൽ വലിയമ്പലം വരെയുള്ള വിശുദ്ധ പാതയിൽ റോഡിൽ ഒരു വശത്തുകൂടിയാണു വാഹന ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്നാൽ തിരക്കുള്ള സമയത്ത് തീർഥാടകരുമായി എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ഇതുവഴിയാണ് പോകുന്നത്. ഇതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. ശബരിമല തീർത്ഥാടകരുമായി എത്തുന്ന സ്പെഷൽ സർവീസ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് എരുമേലി ബൈപാസ് റോഡായ കുറുവാമൂഴി പെട്രോൾ പമ്പ്, ഓരുങ്കൽ കടവ് വഴി നഗരത്തിൽ പ്രവേശിക്കാതെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ‍ഡിൽ എത്താനാകും.

വാഹനങ്ങൾ നടുറോഡിൽ തടയും

പാർക്കിംഗ് മൈതാനങ്ങളിലെ കരാറുകാർ റോഡിന്റെ മധ്യത്തിൽ നിന്ന് തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞ് മൈതാനത്തേക്ക് കയറ്റാൻ ശ്രമിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.വാഹനങ്ങൾ നടുറോഡിൽ തടയുന്നതും ഗതാഗതക്കുരുക്കിനൊപ്പം അപകടഭീഷണിയും ഉയർത്തുന്നു.