വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തികദർശനവും തൃക്കാർത്തികവിളക്കും നാളെ നടക്കും.

പുലർച്ചെ 4ന് നടതുറക്കും. വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് യാത്ര തിരിച്ചതിന് ശേഷം 7 നാണ് കാർത്തിക ദർശനം.
താരകാസുര നിഗ്രഹം കഴിഞ്ഞു വിജയശ്രീ ലാളിതനായി വരുന്ന ദേവസേനാധിപനായ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിച്ച് വരവേ​റ്റ പുണ്യദിനമാണ് കാർത്തികയെന്നാണ് വിശ്വാസം. വൈകിട്ട് 10നാണ് പ്രസിദ്ധമായ തൃക്കാർത്തികവിളക്ക്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കുടയും ആലവട്ടവും വെൺചാമരവും ഉപയോഗിക്കും. ഗജവീരന്മാരായ ആമ്പാടി ബാലനാരായണൻ തിടമ്പേ​റ്റും. ചിറക്കടവ് തീരുനീലകണ്ഠൻ, മലയൻകീഴ് ശ്രീവല്ലഭൻ എന്നീ കരിവീരന്മാർ അകമ്പടിയാകും. വലിയകാണിക്ക,വെടിക്കെട്ട് എന്നിവയും ഉണ്ടാകും. കാർത്തികവിളക്ക് സമയം ചു​റ്റുവിളക്ക് തെളിയിക്കും. സംയുക്ത എൻ.എസ്.എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നിറദീപവും നിറപറയും ഒരുക്കി ഉദയനാപുരത്തപ്പനെ വരവേൽക്കും.

വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് നാളെ

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് നാളെ നടക്കും .എട്ടാം ഉത്സവദിനമായ ഇന്ന് നടക്കേണ്ട വിളക്കാണ് കാർത്തിക ദിനത്തിൽ പുലർച്ചെ 4ന് നടക്കുന്ന വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്'. എഴുന്നള്ളിപ്പിന് ഗജവീരൻ ചിറക്കടവ് തിരുനീലകണ്ഠൻ തിടമ്പേ​റ്റും. ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് 3 പ്രാവിശ്യം ശംഖ് കമഴ്ത്തി പിടിച്ച് വിളിച്ച ശേഷം തിരിച്ചു എഴുന്നള്ളും. ആചാരപ്രകാരം കൂട്ടുമ്മേൽ ക്ഷേത്രത്തിലും പടിഞ്ഞാ​റ്റും ചേരി കൊട്ടാരത്തിലും ഇറക്കിപൂജയും നിവേദ്യവുമുണ്ട്.

ഹിന്ദുമത സമ്മേളനം

കാർത്തിക ഉത്സവത്തിന്റെ സമാപനമായി നാളെ നടക്കുന്ന ഹിന്ദുമത കണവെൻഷൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് കലാമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് അദ്ധ്യക്ഷത വഹിക്കും.ക്ഷേത്ര പുരസ്‌കാരം നേടിയ ബോർഡ് മെമ്പർ പി.എം.തങ്കപ്പനെ ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ വി.കെ വിജയൻ ആദരിക്കും.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 5ന് പാരായണം, 8ന് തിരുവാതിരകളി, 9ന് പാരായണം, 10ന് ഭജൻസ്, 11ന് പാരായണം, 12ന് പ്രസാദമൂട്ട്, സംഗീതക്കച്ചേരി വൈകിട്ട് 3ന്, സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട്, 5ന് കാഴ്ചശ്രീബലി, മയൂരനൃത്തം, തേരൊഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം, 9ന് നൃത്തനൃത്യങ്ങൾ, വെളുപ്പിന് 5ന് വിളക്ക്, വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്.