mannu

കോട്ടയം . ജില്ലയിലെ വിവിധയിടങ്ങളിലെ മണ്ണിന്റെ ഗുണം കുറയുന്നതായി ജില്ലാ മണ്ണുപര്യവേക്ഷണ വകുപ്പിന്റെ പഠന റിപ്പോർട്ട്. സ്വാഭാവിക മൂലകങ്ങൾ കുറഞ്ഞു. രണ്ട് ശതമാനം വേണ്ട ജൈവാംശം ഒന്നിന് താഴെയാണ്. ഇതിന് പിന്നാലെ അമ്ലത കൂടി. അവശ്യമൂലകങ്ങളുടെ അഭാവം കാർഷികോത്പന്നങ്ങളുടെ വിളവിനെയും ബാധിക്കുന്നുണ്ട്. മണ്ണിൽ നൈട്രജൻ, പൊട്ടാസ്യം,​ കാത്സ്യം,​ മഗ്നീഷ്യം അടക്കമുള്ള മൂലകങ്ങളും പകുതിയിലും താഴേയ്ക്ക് പോയെന്നാണ് കണ്ടെത്തൽ.

ഇത് തെങ്ങും വാഴയും നെല്ലും ഉൾപ്പെടെയുള്ള കൃഷികളുടെ വിളവിനെ സാരമായി ബാധിക്കും. ചെടികൾ തഴച്ചുവളരാനും വിള ഉത്പാദനത്തിനും നൈട്രജൻ പ്രധാനമാണ്. മഗ്‌നീഷ്യത്തിന്റെ കുറവും കാര്യമായി അനുഭവപ്പെടുന്നുണ്ട്. 2018ലെ പ്രളയത്തിൽ എക്കലടിഞ്ഞ് കൃഷിയിടങ്ങളിൽ വളക്കൂറു കൂടിയിരുന്നു. എന്നാൽ സ്വാഭാവിക മണ്ണിന്റെ ഗുണം നിലനിറുത്താൻ കഴി‌ഞ്ഞില്ല. കായലോരത്ത് ജൈവാംശമുള്ളപ്പോൾ ഇടനാട്ടിലം മലനാട്ടിലും സ്വാഭാവനിക മൂലകങ്ങൾ കുറഞ്ഞു. വെള്ളം തടഞ്ഞു നിറുത്താതെ ഒഴുകിപ്പോകുന്നതും കാരണമാകുന്നുണ്ട്.


ആവശ്യം ജൈവമാർഗങ്ങൾ.

മണ്ണിൽ നിന്നു മൂലകങ്ങൾ നഷ്ടപ്പെടുമ്പോൾ ജൈവമാർഗങ്ങളിലൂടെ അവയെ നിലനിറുത്താൻ ശ്രമിക്കണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ജൈവാംശം വർദ്ധിപ്പിച്ച് മണ്ണിന്റെ ഘടനയും ജലാഗിരണ ശേഷിയും മെച്ചപ്പെടുത്താൻ ജൈവവളങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ശീമക്കൊന്ന, തോട്ടപ്പയർ എന്നീ പച്ചിലവളങ്ങളുടെ ഉപയോഗവും ശീലമാക്കണം. ഇവ പൂവിടുന്നതിനു മുൻപായി മണ്ണിൽ ചേർക്കുന്നത് മണ്ണിന്റെ ജൈവാംശം വർധിപ്പിക്കുകയും ബാഷ്പീകരണ നഷ്ടം കുറയ്ക്കുകയും ചെയ്യും. നൈട്രജൻ കൂടുതലായി അടങ്ങിയ മികച്ച വളമാണ് ചാണകം.

അമ്ളത കുറയാൻ.

മഴക്കുഴികൾ നി‌‌ർമ്മിക്കുക.

കയ്യാല കെട്ടി മണ്ണൊലിപ്പ് തടയണം

മണ്ണിൽ കുമ്മായം ചേർക്കണം.

പഠിക്കാൻ മണ്ണ് ആപ്പ്.

കൃഷിയിറക്കുന്ന സ്ഥലത്ത് ഏതൊക്കെ മൂലകങ്ങളുണ്ട് ഏതൊക്കെ കൂടുതലായി നൽകണം തുടങ്ങിയ വിവരങ്ങളുമായി മണ്ണ് മൊബൈൽ ആപ്പ് രണ്ടാംഘട്ടം എത്തി. ഏതൊക്കെ മൂലകങ്ങളുടെ അപര്യാപ്തത ഉണ്ടെന്നു കണ്ടെത്തിയാൽ അവ ഉൾപ്പെട്ട വളങ്ങൾ ആവശ്യമുള്ള അളവിൽ മാത്രം ഉപയോഗിക്കാൻ ആപ്പ് സഹായിക്കും. മണ്ണിന്റെ പി എച്ച്, പ്രാഥമിക മൂലകങ്ങളായ എൻ പി കെ, സൂക്ഷ്മ മൂലകങ്ങൾ എന്നിവയുടെ തോതും അതിനനുസൃതമായി ഓരോ വിളയ്ക്കും നൽകേണ്ട വളപ്രയോഗ ശുപാർശകളും ലഭിക്കും.