കോട്ടയം: ഉഴവൂർ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ ഡയറക്ടർ ശങ്കർ മോഹൻ ജാതീയമായ വിവേചനം നടത്തുകയാണെന്ന് ആരോപിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ ആരംഭിച്ച സമരം സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ശ്രീദേവ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെക്കൊണ്ട് ശങ്കർ മോഹൻ വർഷങ്ങളോളം നിർബന്ധിത വീട്ടുജോലി ചെയ്യിപ്പിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ജീവനക്കാർ ജാതിയ വിവേചനങ്ങൾ നേരിടുകയും പരാതിപ്പെട്ടാൽ ജോലിയിൽനിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തുന്നു എന്നാണ് പരാതി. ഒ.ഇ.സി വിഭാഗത്തിനുള്ള ഫീസ് ഇളവുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭ്യമാക്കാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിദ്യാർത്ഥിപഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാതായും വിദ്യാർത്ഥികൾ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹനെ പിരിച്ചുവിടുന്നത് വരെ സമരം നടത്തുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.