ചങ്ങനാശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപയ്ക്ക് വേണ്ടിയുള്ള ശരകൂട നിർമാണം അവസാനഘട്ടത്തിൽ. കമുകിന്റെ വാരി ചെത്തി എടുത്ത് നിശ്ചിത അളവിൽ ചെറിയ ശരക്കോലുകൾ കീറിയെടുക്കും. ഇതിൽ തിരിശീല ചുറ്റി ആയിരത്തി എട്ടെണ്ണം ആക്കി സമചതുര ചട്ടത്തിൽ പിണ്ടി നാട്ടി വാഴപ്പോളകൾ കൊണ്ട് പൊതിഞ്ഞ ശരകൂടത്തിൽ കുത്തിനിറയ്ക്കും. ഇങ്ങനെ 251 ശരകൂടങ്ങളാണ് ഓരോ വർഷം ദീപയ്ക്ക് പ്രത്യേകമായി തയാറാക്കിയ പടങ്ങിൽ അടുക്കുന്നത്. തുടർന്ന് ഊരാന്മക്കാരായ ബ്രാഹ്മണർ ശരകൂടങ്ങൾക്ക് അഗ്‌നിപകരും. കേരളത്തിനകത്തു നിന്നും പുറത്തു നിന്നും നിരവധി ഭക്ത ജനങ്ങളാണ് ദീപ കാണാൻ ക്ഷേത്രത്തിൽ എത്തുന്നത്. ദീപകണ്ടു തൊഴുതാൽ ഒരു വർഷത്തെ പാപങ്ങൾക്ക് പരിഹാരം ആകുമെന്നാണ് വിശ്വാസം. ഇന്ന് രാവിലെ 11ന് വാർപ്പിടകം ക്ഷേത്രത്തിൽ നിന്നാണ് ആദ്യത്തെ ശരകൂടം എഴുന്നള്ളത്ത് നടക്കുന്നത്.