rubber

കോട്ടയം. തണുത്ത കാലാവസ്ഥയിൽ ഉത്പാദനം ഉയരുന്നതിനിടയിൽ റബർ വില സർവകാല തകർച്ചയിലേക്ക് കൂപ്പുകുത്തി. ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന ആർ.എസ്.എസ് 5 ഇനം റബർ ഷീറ്റ് വില ഇന്നലെ കിലോയ്ക്ക് 136 രൂപയായിരുന്നു. ആർ.എസ്.എസ് 4ന് 140 രൂപയും. ഈ വർഷമാദ്യം 176 വരെ ഉയർന്ന വിലയാണ് ഇത്രമേൽ താഴ്ന്നത്. ഒട്ടുപാൽ വില 90ൽ നിന്ന് 72 ആയി.

വീണ്ടും കൊവിഡ് വ്യാപനമുണ്ടായത് ചൈനയിലെ വിപണിയെയും സാരമായി ബാധിച്ചു. വ്യവസായികൾ ഇറക്കുമതിയിൽ നിന്ന് വിട്ടു നിൽക്കുന്നതിനാൽ അന്താരാഷ്ട്ര വില ഇടിഞ്ഞു. ആഗോള ക്രൂഡ് ഓയിൽ വിപണിയെയും ചൈനയിലെ പ്രശ്നങ്ങൾ ബാധിച്ചത് റബർ വിലയിടിവിനു കാരണമായി. ബാങ്കോക്കിൽ ഉണ്ടായ നേരിയ വില വർദ്ധനസാഹചര്യം മുന്നിൽ കണ്ട് ടയർ ലോബി കളിച്ചതാണ് ഇന്ത്യയിൽ വില കുത്തനെ ഇടിയാൻ കാരണം.

മഴ മാറി ടാപ്പിംഗ് തുടങ്ങി. പുലർച്ച തണുപ്പുള്ളതിനാൽ മരങ്ങളിൽ നിന്നുള്ള പാൽ ഉത്പാദനം കൂടി. എന്നാൽ ആഗോളമാന്ദ്യത്തിനനുസരിച്ച് ഡിമാൻഡ് കുറഞ്ഞതോടെ വില ഉയർന്നില്ല. വിപണി നിയന്ത്രിക്കുന്ന ചെറുതും വലുതുമായ ടയർ കമ്പനികൾ വിട്ടു നിന്നും ഒരു രൂപ കുറച്ചും റബർ വാങ്ങാനാണ് താത്പര്യം കാണിച്ചത്. 145ൽ സ്റ്റെഡിയായി നിന്ന ആർ.എസ്.എസ് ഫോർ 140ലേക്കും ആർ.എസ്.എസ് ഫൈവ് 140ൽ നിന്ന് 136ലേക്കും നിലം പൊത്തിയത് പെട്ടെന്നായിരുന്നു. ഈ പ്രവണത തുടർന്നാൽ വില ഇനിയും ഇടിയുമെന്ന ഭീതിയിലാണ് റബർ കർഷകരും വ്യാപാരികളും .

പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയിൽ.

വില ഇടിഞ്ഞതോടെ റബർ പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയിലാണ്. പാൽ ശേഖരിച്ച് ഷീറ്റാക്കി മാറ്റുന്നതിന് കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവ് . നിലവിലെ വിലയിടിവിൽ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നടത്തിപ്പുകാർ പറയുന്നു.

ചെറുകിട റബർ കർഷകനായ നാരായണൻ കുട്ടി പറയുന്നു.

റബർ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകളോ റബർ ബോർഡോ ഒന്നും ചെയ്യുന്നില്ല. ഷീറ്റു വില 140ൽ താഴേയ്ക്കും ഒട്ടുപാൽ 75 ൽ താഴേക്കും ഇടിഞ്ഞത് സമീപ കാലത്ത് ആദ്യമാണ് . ചെലവ് വർദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏത്രകാലം റബർ കൃഷിയുമായി മുന്നോട്ടു പോകാൻ കഴിയുമെന്നറിയില്ല.