babu

കാഞ്ഞിരപ്പള്ളി. കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. പ്രായത്തിന്റെ അവശതയുണ്ട്. എന്നാൽ കലാമോഹവുമായി സമീപിക്കുന്ന കുട്ടികളെ എങ്ങനെ നിരാശരാക്കാൻ കഴിയും. ത​ന്റെ ഇടയ്ക്കയുമായി ആശാനും വേദിയിലെത്തി. കാട്ടാമ്പാക്ക് സ്വദേശി ബാബുരാജ് (75) ആണ് അകക്കണ്ണി​ന്റെ തെളിച്ചവുമായി കലോത്സവത്തിനെത്തിയത്. ഓട്ടംതുള്ളൽ, ശീതങ്കൻതുള്ളൽ, പറയൻതുള്ളൽ കലാകാരനായ ബാബുരാജ് നാല്പത് വർഷമായി കലാരം​ഗത്ത് സജീവം. കാഴ്ച നഷ്ടപ്പെട്ടതിനാൽ കലാകാരനായ മകൻ രാജേഷിനൊപ്പമാണ് എത്തിയത്. കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥി അർപ്പിത്, ബാബുരാജ് കൊട്ടിയ ഇടയ്ക്കയുടെ താളത്തിലാണ് തുള്ളിയത്. ബാബുരാജി​ന്റെ നാല് മക്കളും കലാമണ്ഡലത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. "പണം പ്രതീക്ഷിച്ചല്ല എത്തുന്നത്. കലയോട് അത്രയും അഭിനിവേശമാണ്." - ബാബുരാജ് പറയുന്നു.