പാലാ: അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാൾ പ്രഭയിൽ പാലാ നഗരം. ഇന്നും നാളെയുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും മരിയഭക്തർ പാലായിലേയ്ക്ക് ഒഴുകിയെത്തും. പാലാ പട്ടണവും വ്യാപാരസ്ഥാപനങ്ങളും കൊടിതോരണങ്ങളാലും വൈദ്യുതദീപാലങ്ങാരങ്ങളാലും വർണപ്രഭമായി. നാളെയാണ് പ്രധാന തിരുനാൾ. ഇന്നു രാവിലെ 11ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. ഫാ.സെബാസ്റ്റ്യൻ
വെട്ടുകല്ലേൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. തുടർന്ന് പ്രദക്ഷിണം. രാത്രി 7.30ന് കൊട്ടാരമറ്റം സാന്തോം കോപ്‌ളക്‌സിൽ പ്രദക്ഷിണസംഗമത്തെത്തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും.

ഇന്നു വൈകുന്നേരം ആറിന് കത്തീഡ്രലിൽ നിന്നും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് തോമസ് ചാപ്പലിൽ ലദീഞ്ഞിനു ശേഷം പുത്തൻപള്ളിയിൽ നിന്നു ബൈപ്പാസു വഴി മാർത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനിൽ സംഗമിച്ച് സാന്തോം കോപ്‌ളക്‌സിലേയ്ക്ക് എത്തും. മാർ തോമസ് തറയിൽ സന്ദേശം നൽകും. തുടർന്ന് കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.

നാളെ വൈകുന്നേരം നാലിനാണ് പ്രദക്ഷിണം ആരംഭിക്കുന്നത്. കുരിശുപള്ളിയിൽ നിന്നും മാതാവിന്റെ തിരുസ്വരൂപവും സംവഹിച്ച് ളാലം പഴയപള്ളി ഗ്രോട്ടോ, മാർക്കറ്റ് ജംഗ്ഷൻ, സിവിൽ സ്‌റ്റേഷൻ, ടി ബി റോഡിലുള്ള പന്തൽ, ന്യൂ ബസാർ, കട്ടക്കയം റോഡിലുള്ള പന്തൽ, ളാലം പഴയപാലം ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ രാത്രി 8.45ന് തിരികെ കുരിശുപള്ളിയിലെത്തും.