p

കോട്ടയം : നമ്മുടെ പെൺമക്കൾ ഇടിച്ചു കയറുകയാണ്, കരാട്ടെയും, കുങ്ഫുവും, വുഷുവും പോലുള്ള മാർഷ്യൽ ആർട്സ് കളരികളിലേക്ക്.

നാളെ അവർ സൂപ്പർ ഹിറ്റ് സിനിമയിലെ നായിക ജയയെ പോലെയാവും. അഭ്യാസ മുറകളിലൂടെ നേടിയ മനക്കരുത്തും, ആത്മവിശ്വാസവും കായിക ബലവുമായി തന്റേടത്തോടെ നടക്കും. വേണ്ടാതീനം കാട്ടുന്നവർ വിവരം അറിയും. അടിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുള്ള പെൺകുട്ടികൾ.

പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതോടെയാണ് കായിക പ്രതിരോധത്തിന്റെ പാതയിലേക്ക് പെൺകുട്ടികൾ നീങ്ങുന്നത്. പെണ്ണ് അടങ്ങിയൊതുങ്ങി കഴിയണമെന്ന രക്ഷിതാക്കളുടെ യാഥാസ്ഥിതിക ചിന്തയും മാറി. പെൺമക്കൾക്ക് തന്റേടം വേണമെന്ന പുരോഗമന കാഴ്ചപ്പാടാണിപ്പോൾ. അഞ്ച് വയസ് മുതൽ മാർഷ്യൽ ആർട്ട്‌സ് പരിശീലനത്തിന് ചേർക്കുകയാണ്.

സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള മാർഷ്യൽ ആർട്സിൽ പരിശീലനം നേടുന്ന പെൺകുട്ടികളുടെ എണ്ണം കൊവിഡിന് ശേഷം ആൺകുട്ടികളേക്കാൾ വർദ്ധിച്ചു. ബ്ലാക്ക് ബെൽറ്റ് നേടുന്നവരിലും പെൺകുട്ടികളാണ് മുന്നിൽ. മുൻപ് മാർഷ്യൽ ആർട്സിൽ ആൺ -പെൺ അനുപാതം 90:10 ആയിരുന്നെങ്കിൽ ഇപ്പോൾ 50:40 ആണ്.

പഠിതാക്കൾ ലക്ഷത്തിന് മേൽ

കൊവിഡിന് ശേഷം മാത്രം ഒരു ലക്ഷത്തിലേറെ പെൺകുട്ടികൾ മാർഷ്യൽ ആർട്സ് പഠിക്കുന്നുണ്ടെന്നാണ് അസോസിയേഷനുകളുടെ കണക്ക്. കൊവിഡിൽ സ്കൂളുകൾ അടച്ചപ്പോൾ മാനസിക പിരിമുറുക്കം മാറ്റാൻ ചേർന്നവരും ജനമൈത്രി പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലനത്തിൽ നിന്ന് പ്രചോദനം നേടിയവരുമുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ മാർഷ്യൽ ആർട്സ് ക്ലാസുകളിലും പെൺകുട്ടികളാണ് മുന്നിൽ.

മെച്ചങ്ങൾ

ഒരേ സമയം വ്യായാമവും പ്രതിരോധവും

ഊർജം നഷ്ടമാകാതെ അക്രമിയെ കീഴ്‌പ്പെടുത്താം

 മനക്കരുത്തും​ ആത്മവിശ്വാസവും വർദ്ധിക്കും

ലൈംഗിക,മോഷണ,​ ആസിഡ് ആക്രമണങ്ങൾ ചെറുക്കാം

 ''ചാമ്പ്യൻഷിപ്പുകളിൽ പെൺകുട്ടികളാണ് കൂടുതൽ. മനോധൈര്യം കൂടുമെന്നതാണ് പെൺകുട്ടികളെ ആകർഷിക്കുന്നത്.

- ബിജുവാസ്,​ കേരള വുഷു അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം

 '' കരാട്ടെയിലെ പുരുഷ കുത്തക തീരും. പരിശീലന സ്ഥാപനങ്ങളുടെ എണ്ണവും ഇരട്ടിയിലേറെയായി.''

-ഡോ.ഷിജി എസ്.കൊട്ടാരം,​ കരാട്ടെ കേരള അസോസിയേഷൻ ചെയർമാൻ

പൊലീസിന്റെ പരിശീലനം ലഭിച്ചത് 13 ലക്ഷംപേർ