മുണ്ടക്കയം: പ്രളയത്തിൽ കൂട്ടിക്കൽ ടൗൺ വെള്ളപ്പൊക്കത്തിൽ മുങ്ങാൻ ഇടയാക്കിയ ചെക്ക് ഡാം പൊളിച്ചുനീക്കുന്ന ജോലികൾ തുടങ്ങി. 7.2 ലക്ഷം രൂപ മുടക്കി മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് ചെക്ക് ഡാം പൊളിക്കുന്നത്. തീക്കോയി സ്വദേശിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ചെക്ക് ഡാം പൊളിച്ചുമാറ്റി മാലിന്യം ഇവിടെ നിന്നും പൂർണമായും നീക്കം ചെയ്യണമെന്ന വ്യവസ്ഥയിലാണ് കരാർ നൽകിയിരിക്കുന്നത്. 2021 ഒക്ടോബർ 16 നുണ്ടായ മഹാപ്രളയത്തിൽ കൂട്ടിക്കൽ ടൗണിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം ഈ ചെക്ക് ഡാമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം മുമ്പ് ചെക്ക് ഡാം പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഇതിന്റെ പൊളിക്കൽ നടപടികൾ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ വീണ്ടും സാങ്കേതിക കാരണങ്ങളാൽ തുടർനടപടികൾ നീണ്ടുപോകുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതോടെയാണ് ഇപ്പോൾ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ചെക്ക് ഡാം പൊളിക്കാൻ ആരംഭിച്ചിരിക്കുന്നത്.