കോട്ടയം:'ഓറഞ്ച് ദ് വേൾഡ് ദ് ക്യാമ്പയിന്റെ' ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഉദ്യോഗസ്ഥർക്കും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ബോധവത്ക്കരണ ക്ലാസുകൾ നടത്തി. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തുടച്ചുനീക്കുന്നതിനായുള്ള രാജ്യാന്തര ദിനത്തിന്റെ ഭാഗമായി നവംബർ 25 മുതൽ 10 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. തൊഴിൽ സ്ഥലത്തു സ്ത്രീകൾക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയൽ നിയമം(പോഷ് ആക്ട്) സ്ത്രീധനനിരോധനനിയമം എന്നിവ സംബന്ധിച്ചും വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന സേവനങ്ങൾ സംബന്ധിച്ചും ക്ലാസുകൾ നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൽ ലോലിത സെയ്ൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാതല ലോക്കൽ കംപ്ലെയ്ന്റ് കമ്മിറ്റി അംഗം അഡ്വ. സി.ആർ സിന്ധുമോൾ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എൽ.അംബിക, ശിശു വികസന സമിതി ഓഫീസർ പി.ആർ കവിത എന്നിവർ ക്ലാസുകൾ നയിച്ചു.