പാലാ: പാലാ നിറഞ്ഞ് പുരുഷാരം. ജൂബിലി തിരുനാൾ ഭക്തിനിർഭരം. പങ്കെടുക്കാനെത്തിയത് പതിനായിരങ്ങൾ. പാലാ അമലോത്ഭവ ജൂബിലിതിരുനാളിനോടനുബന്ധിച്ച് ഭക്തിനിർഭരമായ പട്ടണ പ്രദക്ഷിണം ഇന്നലെ വൈകിട്ട് നടന്നു. വൈകുന്നേരം പാലാ കുരിശുപള്ളിയിൽ നിന്നും മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം കുരിശുപള്ളിയിലെത്തി. തുടർന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് ആരംഭിച്ച സാംസ്‌ക്കാരിക ഘോഷയാത്ര കായികതാര ദമ്പതികളായ വിൽസൺ ചെറിയാനും ഷൈനി വിൽസണും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലായിലെ മൂന്നുപള്ളികളിലെയും വികാരിമാരും സാംസ്‌കാരിക ഘോഷയാത്ര നയിച്ചു. മാർഗ്ഗംകളി, പരിചമുട്ട് കളി, കാർട്ടൂൺ കഥാപാത്രങ്ങൾ, ഡ്രാഗൺ ഡാൻസ്, അട്ടപ്പാടിയിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുത്ത ആദിവാസി നൃത്തം, തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന പുലികൾ, മുറംകളി, ഉലക്ക ഡാൻസ്, കരകാട്ടം, അലങ്കരിച്ച കുതിരകൾ, പാവക്കൂത്ത്, ഒട്ടകപക്ഷി നൃത്തം, കോഴി ഡാൻസ്, സിനിമ താരങ്ങളുടെ ഡ്യൂപ്പ്, ചെണ്ട, ബാന്റ് മേളങ്ങൾ, ഫ്യൂഷൻ സംഗീതം, ശിങ്കാരി ഫ്യൂഷൻ, ഫ്‌ളോട്ടുകൾ, റോളർ സ്‌കേറ്റിങ്, ഡാൻസ് തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റുകൂട്ടി. തുടർന്ന് ടൂവീലർ ഫാൻസിഡ്രസ്, ബൈബിൾ ടാബ്ലോ മത്സരങ്ങൾ നടന്നു.