kalo

കാഞ്ഞിരപ്പള്ളി . നാലുനാൾനീണ്ട കലയുടെ പൂരം കൊടിയിറങ്ങുമ്പോൾ കാഞ്ഞിരപ്പള്ളിക്കാരുടെ സ്‌നേഹവായ്പിൽ മനംനിറഞ്ഞ് കലാപ്രതിഭകൾ. പ്രതീക്ഷിച്ചതിലും ഭംഗിയോടെ കലോത്സവം സമാപിച്ചപ്പോൾ നാലു ദിനരാത്രങ്ങൾ കരുതലോടെ കാത്തിരുന്ന നാട്ടുകാർക്ക് ആശ്വാസം. വിവിധ നാടുകളിൽനിന്ന് തങ്ങളുടെ അതിഥികളായെത്തുന്ന കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും മറ്റ് സംഘാടകർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ സംരക്ഷിക്കേണ്ട കടമ നാട്ടുകാർ നിറവേറ്റി. കലോത്സവനഗറിൽ എവിടേയും നാട്ടുകാരുടെ സഹായഹസ്തം സംഘാടകർക്ക് ആശ്വാസമായി. ഒരാഴ്ച മുമ്പേ നാട്ടിലാകെ സ്വാഗതകമാനങ്ങൾ ഉയർന്നു. വേദികളിലേക്കുള്ള വഴികളെല്ലാം സുഗമമാക്കി. ഘോഷയാത്രയും സമ്മേളനങ്ങളും വൻവിജയമാക്കാൻ ആതിഥേയർ പ്രത്യേകം ശ്രദ്ധിച്ചു. അഞ്ചു സ്‌കൂളുകളിലായി നടന്ന കലോത്സവത്തിന് വേദികളിൽ നിന്ന് വേദികളിലേക്കോടിയ മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും വഴിതെറ്റാതെ മത്സരത്തിന് മുൻപ് അവരെ കൃത്യമായ വേദികളിലെത്തിക്കാൻ ഓട്ടോ തൊഴിലാളികളുടെ സഹായവും വിലപ്പെട്ടതായി. ഗ്രാമപഞ്ചായത്തും പൊലീസും, ആരോഗ്യവകുപ്പും ആവശ്യമായ സഹായമെത്തിക്കാൻ മുഴുവൻ സമയവും കർമ്മനിരതരായി. സംസ്ഥാനകലോത്സവം നടത്താനും തങ്ങൾ സജ്ജരാണെന്നറിയിച്ചായിരുന്നു കാഞ്ഞിരപ്പള്ളിക്കാർ അത്ഥികളെ യാത്രയാക്കിയത്.