കണ്ണന്ത്രപ്പടി കുഞ്ഞൻകവല റോഡ് തകർന്നു
ചങ്ങനാശേരി:ദിനംപ്രതി കടന്നുപോകുന്നത് നൂറുകണക്കിന് യാത്രക്കാർ. ഒപ്പം ബസ് സർവീസും... വാഹന തിരക്കേറെയാണെങ്കിലും കണ്ണന്ത്രപ്പടി കുഞ്ഞൻകവല റോഡിന്റെ കാര്യം ദയനീയമാണ്. ടാറിംഗ് നടത്തി ഒരു വർഷം പിന്നിടുംമുമ്പാണ് റോഡ് ഇത്രയേറെ പൊട്ടിപ്പൊളിഞ്ഞത്. കണ്ണന്ത്രപ്പടിയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ഭാഗമാണ് കൂടുതൽ തകർന്നത്. റോഡ് പൂർണമായും ടാറിംഗ് ഇളകിമാറി ഉരുളൻകല്ലുകൾ പ്രത്യക്ഷപ്പെട്ട നിലയിലാണ്. ഉരുളൻ കല്ലുകൾക്ക് മുകളിലൂടെയുള്ള ഇരുചക്രവാഹന യാത്ര കൂടുതൽ ദുഷ്‌കരമാണ്. കെ.സി.കെ ജംഗ്ഷനിൽ നിന്നും ചെമ്പുചിറയിലേക്ക് ഇറക്കം ഇറങ്ങുന്ന ഭാഗവും പൂർണമായും തകർന്നു. ഇത് ഇരുചക്രവാഹനയാത്രികരുടെ ജീവന് ഭീഷണിയും ഉയർത്തുന്നു. ഇത്തിത്താനത്ത് നിന്നും ഹോമിയോ കോളേജ്, ഹോമിയോ ഗവേഷണ കേന്ദ്രം, ആശ്രമം സ്‌കൂൾ, മേജർ ശ്രീരാമസ്വാമി ക്ഷേത്രം, കുറിച്ചി ഗവ.ആശുപത്രി, രാജാസ് ഇന്റർ നാഷണൽ സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും എം.സി റോഡിലെത്താനുമുള്ള പ്രധാന ഗതാഗതമാർഗവും ഈ റോഡാണ്.
കാത്തുനിൽക്കണോ അപകടത്തിന്?
കണ്ണന്ത്രപ്പടി കുഞ്ഞൻകവല റോഡ് ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളതാണ്. കൂടുതൽ അപകടങ്ങൾക്ക് ഇടംനൽകാതെ റോഡ് അടിയന്തിരമായി നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.