കോട്ടയം: ന്യൂജെൻ നക്ഷത്രങ്ങൾ ഇടംപിടിക്കുന്ന വിപണിയിൽ നാടൻ നക്ഷത്രവുമായി ലിജോമോൻ. ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പരമ്പരാഗത നക്ഷത്രങ്ങളാണ് കോട്ടയം പുല്ലരിക്കുന്ന് സ്വദേശി ലിജോമോൻ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കൊവിഡ് കാലത്ത് ഹിറ്റായി മാറിയ നാടൻ നക്ഷത്രങ്ങളാണ് ഇത്തവണയും നിർമ്മിക്കുന്നത്. മുൻവർഷം നിർമ്മിച്ച നക്ഷത്രങ്ങൾക്ക് ആവശ്യക്കാരും ഏറെയായിരുന്നു. ചുങ്കം തടിവർക്ക് ഷോപ്പിന് മുമ്പിൽ ലിജോയുടെ നാടൻ നക്ഷത്രങ്ങൾ അണിനിരന്നുകഴിഞ്ഞു. കൂടുതൽ ഫിനിഷിംഗ് കിട്ടാൻ ഈറ്റയിലും മുളയിലും നക്ഷത്രത്തിന്റെ ഫ്രെയിം ഉണ്ടാക്കുന്നത് ഇത്തവണ ഒഴിവാക്കി. പകരം പ്ലാവിന്റെ റീപ്പയിലാണ് നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. തടിയുടെ ഫ്രെയിമിൽ വെള്ള പ്‌ളാസ്റ്റിക് കവർ ചെയ്ത് കാലുകളിൽ ഗിൽറ്റ് പേപ്പർ ഒട്ടിച്ച നാടൻ നക്ഷത്രം കാണാനും അഴകാണ്. മഞ്ഞുവെള്ളത്തിനെ പ്രതിരോധിക്കാനും ഈട് നിൽക്കുന്നതിനുമായി പേപ്പറിന് പകരം പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. നാലടി, അഞ്ചടി പൊക്കമുള്ള നക്ഷത്രങ്ങളാണ് നിലവിൽ നിർമ്മിച്ചിരിക്കുന്നത്. നാലടി പൊക്കമുള്ള നക്ഷത്രത്തിന് 650 രൂപയും 5 അടിയ്ക്ക് 750 രൂപയുമാണ് വില. കോളേജുകൾക്കും പള്ളികൾക്കും വേണ്ടി 15 അടി പൊക്കമുള്ള നക്ഷത്രം മുൻ സീസണിൽ നിർമ്മിച്ചിരുന്നു. നക്ഷത്രം കൂടാതെ, മുള കൊണ്ടുള്ള കപ്പുകൾ, തടികൊണ്ടുള്ള പാത്രം തുടങ്ങിയവയുടെ നിർമ്മാണവുമുണ്ട്.