stdium

ചുറ്റുവട്ടം. വി ജയകുമാറിന്റെ പ്രതിവാരപംക്തി.

ചരിത്രത്താളുകളിൽ ഇടംപിടിച്ച തിരുനക്കരമൈതാനം പാട്ടക്കുടിശികയുടെ പേരിൽ റവന്യൂ വകുപ്പ് ജപ്തിചെയ്യുമോ എന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ സംശയം. കോട്ടയം നഗരസഭ മൂന്നരക്കോടിയോളം രൂപ പാട്ടക്കുടിശിക വരുത്തിയതോടെയാണ് നഗരസഭയിൽ നിന്ന് മൈതാനം തിരിച്ചു പിടിക്കാൻ റവന്യൂ വകുപ്പ് നടപടി തുടങ്ങിയത്. നടപടി ഒഴിവാക്കണമെന്ന നഗരസഭയുടെ അപേക്ഷ തള്ളിയെന്നു മാത്രമല്ല പണമടക്കാൻ വൈകിയാൽ നഗരസഭ അക്കൗണ്ട് മരവിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി. പ്രായമാകും തോറും പിളർന്നു കൊണ്ടേയിരിക്കുന്ന അച്ചായൻ പാർട്ടിയായ കേരള കോൺഗ്രസ് പിറന്നു വീണത് തിരുനക്കരയിലെ മണ്ണിലാണ്. ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയെ താഴെയിറക്കാൻ വിമോചനസമര കാഹളം മുഴങ്ങിയത് ഇവിടെയായിരുന്നു. മഹാത്മാഗാന്ധി അടക്കം പ്രമുഖ ദേശീയനേതാക്കളുടെ കാലടികൾ പതിഞ്ഞ മൈതാനം പണ്ട് അടിമ വ്യാപാരം നടന്ന സ്ഥലമായിരുന്നു. തിരുവിതാംകൂർ വടക്കൻ ഡിവിഷൻ ദിവാൻ രാമറാവുവാണ് പൊലീസ് പരേഡ് ഗ്രൗണ്ടായി മൈതാനം രൂപ കൽപ്പന ചെയ്തത്. ഇങ്ങനെ ചരിത്രസാക്ഷിയായി നിന്ന മൈതാനമാണ് ജപ്തി ചെയ്ത് ലേലം വിളിക്കാൻ പോകുന്നത്.

നേരത്തേ ഒരേക്കർ 20 സെന്റ് സ്ഥലമുണ്ടായിരുന്നു. വിശാലമായ മൈതാനം ഒരു കോടി മുടക്കി നഗരസഭയുള്ള സൗകര്യങ്ങൾ കുറച്ച് നിലവാരം കുറഞ്ഞ ടൈൽ പാകി നവീകരിച്ചപ്പോൾ കുണ്ടും കുഴിയുമായി സ്ഥലം കുറഞ്ഞതല്ലാതെ കൂടിയിട്ടില്ല. 2005 മുതൽ ഉള്ള പാട്ട കുടിശികയാണ് മൂന്നരകോടിയിൽ െത്തിയത്. ആറ് മാസം മുമ്പ് കളക്ടർ നഗരസഭയ്ക്ക് നോട്ടീസ് നൽകിയപ്പോൾ പത്തുലക്ഷമടച്ചു. പാട്ടവാടക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ റവന്യൂ മന്ത്രിക്ക് കത്തു നൽകി. നഗരസഭ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകിയെക്കിലും റവന്യൂ വകുപ്പ് അംഗീകരിച്ചില്ല. മൈതാനം പരിപാടികൾക്ക് നൽകുന്നതിന് പതിനയ്യായിരം രൂപയോളം ദിവസ വാടക ഈടാക്കുന്ന നഗരസഭ കുടിശിക അടച്ചില്ലെങ്കിൽ മൈതാനം ജപ്തിചെയ്തു മറ്റ് ഏജൻസികളെ ഏൽപ്പിക്കാനാണ് റവന്യൂ വകുപ്പ് നീക്കം. അതേ സമയം മൂന്നരകോടി കുടിശിക 30 തവണയായി അടക്കാൻ സാവകാശം തേടിയെന്നാണ് നഗരസഭാദ്ധ്യക്ഷ പറയുന്നത്. 65 ലക്ഷം രൂപ കുടിശിക അടച്ചെങ്കിലും ബ്ലേഡ് കമ്പനികളെ പോലെ അതെല്ലാം മുതലിൽകൂട്ടാതെ പലിശ ഇനത്തിൽ വരവ് വയ്ക്കുകയായിരുന്നുവത്രേ.

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ എന്നതുപോലെ റവന്യൂ വകുപ്പും തദ്ദശ വകുപ്പും ഏകോദര സഹോദരങ്ങളെപ്പോലെ സർക്കാരിന്റെ കീഴിലുള്ള വകുപ്പുകളാണ്. പല്ലട കുത്തി നാറ്റിക്കാതെ പറഞ്ഞു തീർക്കാവുന്ന പ്രശ്നം പെരുവഴിയിലിട്ട് അലക്കേണ്ട കാര്യമില്ലെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. ഇപ്പോൾ സാമൂഹ്യ വിരുദ്ധന്മാരുടെ ഇടത്താവളമാണ് തിരുനക്കര മൈതാനം. ചുറ്റുമതിലിലെ ഗ്രില്ലുവരെ അടിച്ചു മാറ്റിയും പകൽസമയം ലഹരിമരുന്ന് വില്പനയും അനാശാസ്യ കേന്ദ്രവുമാക്കി മാറ്റിയ ക്രിമിനലുകളെ തൊടാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. ജപ്തിചെയ്തു സ്വകാര്യ ഏജൻസിക്ക് കൈമാറിയാൽ ക്രിമിനലുകൾ പുറത്താകും. പിറകേ ദിവസവാടക ഇരട്ടിയാക്കാം. പ്രവേശനടിക്കറ്റും ഏർപ്പെടുത്താം. അതു കൊണ്ട് സർക്കാർ പാട്ടക്കുടിശിക ഒഴിവാക്കി നഗരസഭക്ക് നൽകണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

.