sad

കോട്ടയം . തണ്ണീർമുക്കം ബണ്ട് ഈ മാസം 15 ന് അടക്കാൻ തീരുമാനിച്ചതോടെ എതിർപ്പുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. ഉപ്പുവെള്ളം കയാറാതിരിക്കാൻ താത്ക്കാലിക തടയണകൾ നിർമ്മിക്കാതെ ബണ്ട് അടക്കുന്നത് മീനച്ചിലാറ്റിലെ കുടിവെള്ളസ്രോതസുകളെ മലിനമാക്കിയേക്കും.

എല്ലാ വർഷവും ഡിസംബർ 15 ന് അടച്ച് മാർച്ച് 15 നാണ് ബണ്ട് തുറക്കുക. കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽകൃഷിയുമായി ബന്ധപ്പെട്ട് പലപ്പോഴും ബണ്ട് തുറക്കുന്ന തീയതികളിൽ മാറ്റം വരും. ഈ വർഷം കൃത്യദിവസം അടക്കാൻ ആലപ്പുഴ കളക്ടറുടെ നേതൃത്വത്തിൽ കൃഷി, ഫിഷറീസ്, ഇറിഗേഷൻ മെക്കാനിക്കൽ വകുപ്പ് മേധാവികൾ, കർഷക പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ചേർന്ന യോഗമാണ് തീരുമാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴ ശക്തമായി ഒഴുക്കുണ്ടായതോടെ വേലിയേറ്റ സമയത്ത് ഉപ്പിന്റെ സാന്ദ്രത വെള്ളത്തിൽ കൂടി വന്നതും കൊയ്ത്ത് ഏതാണ്ട് പൂർത്തിയായതുമാണ് ബണ്ട് കൃത്യമായി അടക്കാൻ കാരണമായത്.

വേമ്പനാട്ടുകായലിലെ നീരൊഴുക്കു തടസപ്പെടുത്തി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഷട്ടർ താഴ്ത്തുന്നതോടെ കോട്ടയം,​ ചങ്ങനാശേരി, വൈക്കം,​ ചേർത്തല താലൂക്കുകളിലെ തീരപ്രദേശങ്ങളിൽ വേലിയേറ്റ സാദ്ധ്യതയുണ്ട്. കായലിനെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ആറായിരത്തിലേറെ മത്സ്യ - കക്കാ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

ഓരുമുട്ടുകൾ തീർക്കണം.

മത്സ്യപ്രജനനത്തേയും നെൽ കൃഷിയേയും എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിച്ചാണ് ബണ്ട് അടക്കുകയും തുറക്കുകയും ചെയ്യുക. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിനൊപ്പം മണ്ണും തെങ്ങിൻ കുറ്റിയും അടിച്ചുണ്ടാക്കുന്ന താത്ക്കാലിക ഓരുമുട്ടുകളും അടയ്ക്കണം. തണ്ണീർമുക്കം ,തലയാഴം ,വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെ ഓരുമുട്ടുകൾ യഥാസമയം തീർത്തില്ലെങ്കിൽ തെക്കൻ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കാൻ ഇടയാകും.

അനീഷ് ഹൗസ് ബോട്ട് ഉടമ പറയുന്നു.

ഷട്ടർ അടക്കുന്നതോടെ ഒഴുക്കില്ലാതെ വേമ്പനാട്ടുകായലും സമീപ ആറുകളിലും പായൽ നിറയും. ഇത് കുടിവെള്ളം മലിനമാക്കും ജലജന്യരോഗങ്ങൾക്ക് കാരണമാകും. ബോട്ട് സർവീസിനെയും വള്ളങ്ങളുടെ സഞ്ചാരത്തെയും ബാധിക്കുമെന്നതിനാൽ കായൽ ടൂറിസത്തെയും ദോഷകരമായി ബാധിക്കും. പായൽ ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്ന വെള്ളത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യാൻ സഞ്ചാരികൾ മടിക്കും.