വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പാലത്തിന്റെ നിർമാണോദ്ഘാടാനം 14ന് വൈകിട്ട് 5ന് പൊതുമരാമത്ത് വകുപ്പ് മന്ത്റി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു. നിരവധി സാങ്കേതിക തടസങ്ങൾ മറികടന്നാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി പാലം നിർമ്മാണത്തിലേക്ക് കടക്കുന്നത്. അക്കരപ്പാടം പാലത്തിന് 14 കോടി രൂപയാാണ് കിഫ്ബിയിൽ നിന്നും അനുവദിച്ചത്. ഉദയനാപുരം പഞ്ചായത്തിലെ നാനാടം കൂട്ടുങ്കൽ, അക്കരപ്പാടം പ്രദേശങ്ങളെ ബന്ധിപ്പിച്ച് മൂവാ​റ്റുപുഴയാറിന് കുറുകെയാണ് പാലം നിർമിക്കുന്നത്. അക്കരപ്പാടത്തേക്ക് പാലം വേണമെന്ന പ്രദേശവാസികളുടെ മുറവിളിയ്ക്ക് അരനൂ​റ്റാണ്ടിലധികം പഴക്കമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് നാനാടത്ത് എത്താൻ കടത്തുവള്ളത്തെ പ്രധാനമായും ആശ്രയിക്കുന്ന അക്കരപ്പാടം നിവാസികൾക്ക് റോഡുമാർഗം പോകണമെങ്കിൽ ചെമ്മനാകരിയിലൂടെ ഏഴുകിലോമീറ്ററോളം ചു​റ്റി സഞ്ചരിക്കണം. പാലമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതോടെ ദീർഘകാലമായുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും.