zz

കോട്ടയം . വൃദ്ധസദനങ്ങളിലെ വീൽച്ചെയറിനപ്പുറമൊരു ലോകമില്ലാത്ത അമ്മമാരും പരാശ്രമയമില്ലാതെ എഴുന്നേൽക്കാനാവത്തവരുമൊക്കെ ദന്ത ഡോക്ടറായ ഷൈനി ആന്റണി റൗഫിനൊപ്പം ചിരിച്ചുകൊണ്ട് സുംബാ ഡാൻസ് പരിശീലിക്കുകയാണ്. പാട്ടിന്റെ താളത്തിനൊത്തുള്ള സുംബാ എങ്ങനെ പ്രായമായവർക്ക് ചെയ്യാനാവുമന്നതിന്റെ ഉത്തരമാണ് മുതിർന്നവർക്കായി ചിട്ടപ്പെടുത്തിയിരിക്കുന്ന 'സുംബാ ഗോൾഡ്'. വനിതകൾക്ക് മാത്രമായുള്ള ജില്ലയിലെ വിവിധ ഓൾഡ് ഏജ് ഹോമുകളിൽ സൗജന്യമായാണ് ‌ ഷൈനിയുടെ ക്ളാസ്. കോട്ടയം പബ്ളിക് ലൈബ്രറിയിൽ ഡെന്റൽ ക്ളിനിക് നടത്തുന്ന ഷൈനി ഒരു പതിറ്റാണ്ടിലേറെയായി പ്രൊഫഷണൽ സുംബാ ട്രെയിനിറാണ്. പാട്ടിന്റെ താളത്തിനൊപ്പം കൈകളിളക്കിയും ശരീരം അനക്കിയും ഒരിക്കിയിട്ടുള്ള സുംബാ ഗോൾഡിൽ അടിസ്ഥാന പാഠങ്ങളാണ് പഠിപ്പിക്കുന്നത്. പ്രായത്തിന്റെ അവശതയും വിഷമവും മറന്ന് ചിരിച്ചുകൊണ്ട് പങ്കെടുക്കുമ്പോൾ ശരീരത്തിനും പുത്തനുണർവ് ലഭിക്കും. ആദ്യ പരിശീലനത്തിന് ശേഷം അന്തേവാസികളിലെ പ്രകടമായ മാറ്റം ഊർജ്ജമായി. അസിസ്റ്റന്റ് ശ്വേതയ്ക്കൊപ്പം പബ്ളിക് ലൈബ്രറിക്ക് സമീപം സ്ത്രീകൾക്കും കുട്ടികൾക്കും ഷൈനി സുംബയിൽ പരിശീലനം നൽകുന്നുണ്ട്. സാധാരണക്കാർക്ക് ഫീസിളവുമുണ്ട്. ഇതിന് പുറമേയാണ് ജില്ലയിലെ വൃദ്ധ മന്ദിരങ്ങളിൽ ആഴ്ചയിലെ നിശ്ചിത സമയങ്ങളിൽ സൗജന്യ പരിശീലനം.

നാട്ടിലെ വരവ് സുംബയിലെത്തിച്ചു.

കോട്ടയം മാറാട്ടുകുളത്ത് ഡോ.ഷൈനി റിയാദിലെ ആശുപത്രി സേവനം അവസാനിപ്പിച്ച് നാട്ടിലൊരു ക്ളിനിക്ക് തുടങ്ങിയപ്പോഴുണ്ടായ സമ്മർദ്ദം മറികടക്കാനാണ് സുംബ പരിശീലിച്ചത്. വൈകാതെ സുംബയിലെ വിവിധ കാറ്റഗറികളിൽ സർട്ടിഫിക്കറ്റോടെ പരിശീലനം പൂർത്തിയാക്കി. 52കാരിയായ തന്റെ ചുറുചുറുക്കിന്റെ രഹസ്യം സുംബയാണെന്ന് ഷൈനി പറയുന്നു. സുംബാ ഗോൾഡ് കോയമ്പത്തൂരിൽ നിന്നാണ് പരിശീലിച്ചത്. റിയാദിൽ ബിസിനസുകാരനായ റൗഫ് പിസാഡയാണ് ഭർത്താവ്. ഡോ.ഹാറൂൺ ,​ മറിയം എന്നിവരാണ് മക്കൾ.

ഷൈനി ആന്റണി റൗഫ് പറയുന്നു.

ഏത് പ്രായക്കാർക്കും ആഴ്ചയിൽ കുറഞ്ഞത് മൂന്നു ദിവസം സുംബ ചെയ്യാം. ഓൾഡ് ഏജ് ഹോമിലെ അമ്മമാരെ സന്തോഷിപ്പിക്കാൻ കഴിയുന്നതിനാലാണ് സേവനമായി പഠിപ്പിക്കുന്നത്. എല്ലാ പ്രായക്കാർക്കും കരിയർ കൗൺസലിംഗും നൽകുന്നുണ്ട്