
കോട്ടയം . മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഹരിതകർമ്മസേനക്ക് നാലുചക്ര ട്രോളികൾ വാങ്ങി നൽകി ചെമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.55 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 15 വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കുമായി 15 ട്രോളികളാണ് ലഭ്യമാക്കിയത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം ചാക്കുകളിലാക്കി ചുമന്ന് കൊണ്ടു പോകുന്നതായിരുന്നു പതിവ്. സമയനഷ്ടം ഒഴിവാക്കാനും ജോലികൾ കൂടുതൽ വേഗത്തിലാക്കാനും, ഒരേസമയം തന്നെ കൂടുതൽ മാലിന്യങ്ങൾ ശേഖരിക്കാനുമാണ് പഞ്ചായത്തിന്റെ നടപടി.