ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലെ ഏഴു വാർഡുകളിലെ 1500 ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയിൽ നടപ്പിലാക്കിയ തുരുത്തി കുടിവെള്ളപദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം 15ന് നടക്കും. തുരുത്തി മിഷൻപള്ളിക്ക് സമീപം ചേരുന്ന യോഗത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടുക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും.

പദ്ധതിയുടെ ഭാഗമായി 2 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയും ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയും, മൂന്നര കിലോമീറ്റർ ദൂരം 350 എം.എം.ഡി.ഐ പൈപ്പ് ലൈനും സ്ഥാപിച്ചിട്ടുണ്ട്. ജലജീവൻ മിഷന്റെ ഭാഗമായി വിതരണ ലൈനുകൾ മാറ്റി സ്ഥാപിച്ച് ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതോടെ രണ്ടു പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങൾക്കും പൂർണ പ്രയോജനം ലഭ്യമാകും. വാഴപ്പള്ളി പഞ്ചായത്തിന് വേണ്ടി ഭരണാനുമതി ലഭിച്ച 84 കോടി രൂപയിൽ 33 കോടി രൂപയ്ക്കും കുറിച്ചിക്ക് ലഭ്യമായ 90 കോടി രൂപയിൽ 35 കോടിയ്ക്കുമുള്ള പ്രവൃത്തികൾക്ക് ടെൻഡർ നടപടികൾ ആരംഭിച്ചു. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ്, തുരുത്തി കുടിവെള്ള പദ്ധതിയുടെ അദ്ധ്യക്ഷൻ മനോജ് പാലാത്തറ, എക്‌സിക്യൂട്ടീവ് എൻജിനിയർ കാർത്തിക, എ.ഇ ജെറിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.