മുണ്ടക്കയം: മുണ്ടക്കയത്ത് കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിന് ഗുരുതരമായി പരിക്കേറ്റു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം വേലനിലം കണ്ടത്തിൽ ജോമി തോമസിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ മകളെ ബസ് കയറ്റി വിട്ടശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. വീടിന്റെ പിൻവശത്ത് കതക് തുറന്ന് അകത്തേക്ക് കയറാൻ തുടങ്ങിയ ജോമിയെ പാഞ്ഞടുത്ത കുറുക്കൻ ആക്രമിക്കുകയായിരുന്നു. ജോമിയുടെ കൈയിലും കാലിലും കടിയേറ്റു. സംഭവസമയം ജോമിയുടെ പ്രായമായ മാതാവും ഭാര്യയും വീട്ടിലുണ്ടായിരുന്നു. തുറന്നു കിടന്ന വാതലിലൂടെ കുറുക്കൻ വീടിന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെ കാലിൽ പിടിച്ച് വലിച്ച് പുറത്തിട്ടാണ് വീട്ടുകാരെ രക്ഷിച്ചത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ജോമിയും ചേർന്ന് കീഴ്പ്പെടുത്തുന്നതിനിടെ കുറുക്കൻ ചത്തു. നാട്ടുകാരുടെ നേതൃത്വത്തിൽ ജഡം കുഴിച്ചിട്ടു. സാരമായി പരിക്കേറ്റ ജോമിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഴിച്ചിട്ട കുറുക്കന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ട നടപടികൾക്കായി കൊണ്ടുപോയി.