വൈക്കം: നഗരസഭയുടെ അനാസ്ഥമൂലം നഗരസഭാ തല കേരളോത്സവത്തിൽ വിജയികളായവരിൽ പലർക്കും കോട്ടയത്ത് നടക്കുന്ന ജില്ലാതല കേരളോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന് പരാതി. ഇന്നലെ മാത്രം പതിനേഴ് പേർ വിവിധ മത്സരങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ 7 പേർക്ക് മാത്രമാണ് അവിടെ എന്റ്ട്രി പാസ് ലഭിച്ചത്. വൈക്കം നഗരസഭയിൽ നിന്ന് പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ യഥാസമയം നൽകിയില്ലെന്നായിരുന്നു സംഘാടകരിൽ നിന്ന് ലഭിച്ച മറുപടി. ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവരെ അതിന്റെ വിവരങ്ങൾ വിളിച്ചറിയിക്കാനുള്ള ഉത്തരവാദിത്വം പോലും നഗരസഭ കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ജില്ലാതല കേരളോത്സവം തുടങ്ങിയത് പോലും നഗരസഭാ കേരളോത്സവത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളിൽ പലരും അറിഞ്ഞിരുന്നില്ല.