തലയോലപ്പറമ്പ്: ടോറസ്‌ലോറി ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. പെരുവ ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥികളായ ഉല്ലല മനക്കത്തറ വീട്ടിൽ ശിവപ്രസാദ് (19), വൈക്കം പുളിഞ്ചുവട് കീച്ചേരിത്തറ വീട്ടിൽ വിഷ്ണു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പെരുവ മേഴ്‌സി കാഞ്ഞിരവളവിലാണ് അപകടം. അമിതവേഗത്തിൽ ഇറക്കത്തിലൂടെയെത്തിയ ടോറസ് ലോറി മറ്റൊരു വാഹനത്തെ മറികടക്കവേ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ യുവാക്കളെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.