
വില മൂന്നുവർഷത്തെ താഴ്ചയിലേക്ക്
കോട്ടയം: കാലാവസ്ഥ അനുകൂലമായിട്ടും സംസ്ഥാനത്തെ റബർ തോട്ടങ്ങളിൽ പെയ്യുന്നത് കർഷകന്റെ കണ്ണീർപ്പെരുമഴ. ഈവർഷമാദ്യം കിലോയ്ക്ക് 176 രൂപയായിരുന്ന വില കഴിഞ്ഞദിവസങ്ങളിൽ 130 രൂപനിലവാരത്തിലേക്ക് കൂപ്പുകുത്തിയതാണ് കർഷകരെ നോവിക്കുന്നത്.
ഉത്പാദനം ഉയർന്ന് വരുമാനം ഇരട്ടിയാകേണ്ട സമയത്താണ് ഈ വിലത്തകർച്ച. റബർവില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഈ മാസം ഇതുവരെ ആറ് രൂപയോളം ഇടിഞ്ഞു.
പുലർച്ചെ തണുപ്പുള്ള അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് 30 ശതമാനത്തിന് മുകളിൽ ഉത്പാദനം കൂടിയിട്ടുണ്ട്. എന്നാൽ ആഗോളമാന്ദ്യത്തിൽപ്പെട്ട് ഡിമാൻഡ് കുറഞ്ഞതോടെ വിലയിടിഞ്ഞു. വിപണി നിയന്ത്രിക്കുന്ന ചെറുതും വലുതുമായ ടയർ കമ്പനികൾ വിട്ടുനിന്നും വില കുറച്ചുവാങ്ങിയും വിലയിടിക്കുന്നു.
ചെറുകിട കർഷകർ ഉത്പാദിപ്പിക്കുന്ന ആർ.എസ്.എസ്-5 ഇനം റബർ ഷീറ്റ് വില ശനിയാഴ്ച കിലോയ്ക്ക് 134 രൂപയായിരുന്നു. ആർ.എസ്.എസ്-4ന് 137 രൂപയും. ഇതിലും താഴ്ന്ന വിലയിൽ കച്ചവടം നടന്ന സ്ഥലങ്ങളുമുണ്ട്. ഒട്ടുപാൽ വില 71 രൂപ. ഇനിയും വില താഴുമെന്ന സൂചനയാണ് വിപണി നൽകുന്നത്. കൊവിഡ് കാലത്ത് 132 രൂപയിലേക്ക് ഇടിഞ്ഞ വില 2021 ആഗസ്റ്റിൽ 180 രൂപയിലെത്തിയിരുന്നു. എട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.
പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയിൽ
വില ഇടിഞ്ഞതോടെ റബർ പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയിലായി. പാൽ ശേഖരിച്ച് ഷീറ്റാക്കി മാറ്റാൻ കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവ്. വിലയിടിവിൽ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ല. ചെലവ് വർദ്ധിക്കുകയും വരുമാനം ഇടിയുകയും ചെയ്യുന്നതിനാൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു.
വിലയിടിന് കാരണം
വിപണിയിൽ നിന്ന് വിട്ടുനിന്ന് ടയർ വ്യവസായികൾ.
ചൈന റബർ എടുക്കാത്തത് അന്താരാഷ്ട്രവിപണിയെ ബാധിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിലെ അധിക ചരക്ക് കെട്ടിക്കിടക്കുന്നു.
വിലയിടിവ് ഇങ്ങനെ
2020: ₹141
2021: ₹180
2022: ₹134
വിലസ്ഥിരതാപദ്ധതി നിശ്ചലം
റബർവില ഇടിയുമ്പോൾ കർഷകർക്ക് താങ്ങാവേണ്ട വിലസ്ഥിരതാപദ്ധതിയെ കൈവിട്ട് സർക്കാർ. ഫണ്ടില്ലെന്ന പേരിൽ സർക്കാർ മുഖംതിരിക്കുകയാണെന്ന് കർഷകർ പറയുന്നു.
കിലോയ്ക്ക് 170 രൂപയ്ക്ക് താഴെ റബർവിലയെത്തിയാൽ വിപണിവിലയുമായുള്ള അന്തരം കർഷകന് സബ്സിഡിയായി നൽകുന്നതാണ് പദ്ധതി. പദ്ധതി പുനഃസ്ഥാപിച്ചാൽ വലിയ ആശ്വാസമാകുമെന്ന് കർഷകർ പറയുന്നു.