കോട്ടയം : മണിപ്പുഴ ഒന്നാംപാലം അപ്രോച്ച് റോഡ് താഴ്ന്നത് വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു. എം.സി റോഡിൽ നിന്ന് മണിപ്പുഴ മേൽപ്പാലത്തിലേക്കുള്ള പ്രവേശന റോഡാണിത്. കോടിമത ബൈപ്പാസ്, മണിപ്പുഴ മേൽപ്പാലം, പാക്കിൽ, മൂലേടം, കടുവാക്കുളം, കഞ്ഞിക്കുഴി, കൊല്ലാട്, പുതുപ്പള്ളി. ചിങ്ങവനം എന്നിവിടങ്ങളിലേക്ക് ദിനംപ്രതി ബസുകളടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. നഗരത്തിന്റെ ഇൻഡസ്ട്രിയൽ മേഖലയായ പൂവൻതുരുത്തിലേക്ക് പോകുന്നതും ഇതുവഴിയാണ്. കോടിമത ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാലത്തിന് സമീപത്തെ റോഡ് കുത്തിപ്പൊളിച്ചിരുന്നു. തുടർന്ന് കുഴി രൂപപ്പെട്ട് വാഹനയാത്രക്കാർക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. നിരന്തരമായ പരാതിയെ തുടർന്ന്, കുഴി താത്ക്കാലികമായി അടച്ചെങ്കിലും റോഡിലെ ദുരിതമൊഴിഞ്ഞില്ല. കോൺക്രീറ്റ് ചെയ്ത ഭാഗത്തെ മെറ്റലും മറ്റും റോഡിൽ നിരന്നു കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു.
രാത്രി ആയാൽ കൂരിരുട്ട്
അപ്രോച്ച് റോഡ് ഭാഗത്ത് വെളിച്ചമില്ലാത്തതാണ് മറ്റൊരു വെല്ലുവിളി. അമിത വേഗതയിൽ എത്തുന്നവരും റോഡ് പരിചയമിലാത്തവരും അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്. വാഹനങ്ങളുടെ അടിത്തട്ട് ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. താഴ്ന്നു പോയ അപ്രോച്ച് റോഡ് ഭാഗം ഉയർത്തി അപകടസാദ്ധ്യത ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.