peeli-thumbi-

കോട്ടയം . മീനച്ചിൽ നദീതടത്തിൽ തുമ്പികളുടെ വൈവിധ്യം മുൻ വർഷങ്ങളിലേതിനേക്കാൾ ഏറെ വ്യത്യാസമില്ലാതെ തുടരുന്നെന്ന് സർവേ റിപ്പോർട്ട്. 22 ഇനം സൂചിത്തുമ്പികളും 23 ഇനം കല്ലൻ തുമ്പികളും ഉൾപ്പെടെ 45 ഇനം തുമ്പികളെ മീനച്ചിലാറിന്റെ ഉത്ഭവപ്രദേശമായ മേലടുക്കം മുതൽ പതന സ്ഥാനമായ പഴുക്കാനിലക്കായൽ വരെ 16 ഇടങ്ങളിലായി നടന്ന സർവേയിൽ കണ്ടെത്തി. കേരള വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗവും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസും 2012 മുതൽ എല്ലാ വർഷവും നടത്തി വരുന്ന സർവേയിൽ 2021ൽ 55 ഇനങ്ങളും 2022 ൽ 54 ഇനങ്ങളും തുമ്പികളെ കണ്ടെത്തിയിരുന്നു. ഏറ്റവുമധികമായി കാണപ്പെട്ടത് തുലാത്തുമ്പി, തവളക്കണ്ണൻ തുമ്പി, ചങ്ങാതി തുമ്പി, നാട്ട് പൂത്താലി എന്നിവയാണ്.
ശുദ്ധജലത്തിന്റെ സൂചകമായി കരുതാവുന്ന പീലിത്തുമ്പി അടുക്കം മുതൽ കിടങ്ങൂർ പുന്നത്തുറ വരെ കാണാനായി. മലിന ജലത്തിന്റെ സൂചകമായ ചങ്ങാതി തുമ്പി തിരുവഞ്ചൂർ മുതൽ മലരിക്കൽ വരെയുള്ളയിടങ്ങളിൽ മാത്രമാണ് കണ്ടത്. എലിപ്പുലിക്കാട്ട് കടവിലും നാഗമ്പടത്തുമാണ് ഈ തുമ്പികളെ കൂട്ടത്തോടെ കണ്ടെത്തിയത്. മീനച്ചിലാറ്റിൽ അത്ര സാധാരണമല്ലാതിരുന്ന എണ്ണക്കറുപ്പൻ തുമ്പി, ചേരാച്ചിറകൻ തുമ്പി, കാട്ട് പുൽച്ചിന്നൻ എന്നിവയെയും കാണാനായി.

സർവേ കോ ഓർഡിനേറ്റർ ഡോ.ഏബ്രഹാം സാമുവൽ പറയുന്നു.

കൊതുക് നിർമ്മാർജ്ജനത്തിന് ഏറ്റവും ഉപകരിക്കുന്നവയും ജലപരിസ്ഥിതിയുടെ സൂചകങ്ങളുമായ തുമ്പികളെ പുതു തലമുറയെ പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണ്.