പാലാ:എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയനിൽ നിന്നുള്ള ശിവഗിരി പദയാത്ര 25ന് ആരംഭിക്കും. ഇന്നലെ മീനച്ചിൽ യൂണിയനിൽ ചേർന്ന ശാഖാ ഭാരവാഹികളുടെ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. 25ന് രാവിലെ 6.30ന് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര സന്നിധിയിൽ നിന്ന് മീനച്ചിൽ യൂണിയന്റെ ശിവഗിരി പദയാത്ര ആരംഭിക്കുന്നതെന്ന് യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ പറഞ്ഞു. മീനച്ചിൽ യൂണിയനിലെ 49 ശാഖകളെയും പ്രതിനിധീകരിച്ചുള്ള ഭക്തരെ പീതാംബരദീക്ഷ സ്വീകരിച്ച് കൊണ്ട് പദയാത്രയിൽ പങ്കെടുപ്പിക്കുമെന്ന് ശാഖാ നേതാക്കൾ യോഗത്തിൽ പറഞ്ഞു. ഇതിനൊപ്പം എട്ട് ശാഖകളിൽ നിന്നുമുള്ള പ്രതിനിധികൾ ഒരുമിച്ച് ഓരോ ദിവസവും ഊഴമനുസരിച്ച് പദയാത്രയെ അനുഗമിക്കും. 30ന് വൈകിട്ട് 6ന് ശിവഗിരി മഹാസമാധിയിൽ പദയാത്ര എത്തിച്ചേരും. പദയാത്രയിൽ പങ്കെടുക്കുന്നവരുടെ പീതാംബരദീക്ഷ 18ന് വൈകിട്ട് 6ന് ഇടപ്പാടി ആനന്ദഷണ്മുഖ ഭഗവാന് മുന്നിൽ നടക്കും. ശിവഗിരി മഠം പ്രതിനിധി പീതാംബരദീക്ഷ നൽകാൻ ഇടപ്പാടിയിലെത്തും. മീനച്ചിൽ യൂണിയനിൽ ചേർന്ന ശാഖാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ആർ ഉല്ലാസ്, വൈസ് ചെയർമാൻ സജീവ് വയല, ജോയിന്റ് കൺവീനർ കെ.ആർ ഷാജി, യൂണിയൻ ഓഫീസ് ചാർജ്ജ് സെക്രട്ടറി രാമപുരം സി.റ്റി.രാജൻ, കമ്മറ്റിയംഗങ്ങളായ സുധീഷ് ചെമ്പംകുളം, സജി ചേന്നാട്, സാബു പിഴക്, അനീഷ് പുല്ലുവേലിൽ എന്നിവർ പ്രസംഗിച്ചു. ശാഖകളെ പ്രതിനിധീകരിച്ച് ബിനു പൂഞ്ഞാർ, പി.ജി അനിൽകുമാർ, എ.ആർ ലെനിൻമോൻ, വിനോദ് മൂന്നിലവ്, പി.റ്റി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ എം.ആർ ഉല്ലാസ് സ്വാഗതവും ജോയിന്റ് കൺവീനർ കെ.ആർ ഷാജി നന്ദിയും പറഞ്ഞു. യൂണിയനിലെ മുഴുവൻ ശാഖാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.