പാലാ: ഹോട്ടൽ തൊഴിലാളികളുടെ പണവുമായി ഹോട്ടൽ ഉടമ മുങ്ങിയതായി പരാതി. ശമ്പളമായി ലഭിക്കാനുള്ള 30,000 രൂപയ്ക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തതായാണ് പരാതി. അറുപതിനായിരത്തോളം രൂപ നഷ്ടമായ തൊഴിലാളികൾ പാലാ പൊലീസിൽ പരാതി നൽകി.
ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. പൂവണിക്ക് സമീപത്തെ ഹോട്ടലിൽ ഇവർ ജോലിക്ക് കയറിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് ഹോട്ടൽ ഉടമ മകന്റെ പഠനാവശ്യത്തിന് നൽകാനായി കഴിഞ്ഞ ജൂലായ് 30ന് തന്റെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30000 രൂപ വാങ്ങിയെന്ന് ബറുവ പറയുന്നു. ആറുമാസമായിട്ടും പണം തിരികെ ലഭിച്ചില്ല. ഇതിനിടെ ഹോട്ടലുടമ കടപൂട്ടി സ്ഥലം വിടുകയും ചെയ്തു. വാടകയ്ക്ക് താമസിച്ചിരുന്ന ഹോട്ടലുടമ വാടക വീട് ഒഴിഞ്ഞു പോവുകയും ചെയ്തുവെത്രേ .തങ്ങൾ വിളിച്ചാൽ ഇപ്പോൾ ഉടമ ഫോൺ പോലും എടുക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.