
കോട്ടയം . ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് മുന്നോടിയായി ലഹരി ഒഴുക്കിന് തടയിടാൻ എക്സൈസ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ജനുവരി 3 വരെയാണ് ഡ്രൈവ്. രഹസ്യവിവര ശേഖരണത്തിനൊപ്പം പൊതുജനസഹായവും പ്രയോജനപ്പെടുത്തും. വില്ലേജുകൾ, തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. വ്യാജമദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിന് സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പ്രത്യേകം നിരീക്ഷിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഡിവിഷൻ ഓഫീസിൽ തുറന്നു. കൂടാതെ എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് മുഴുവൻ സമയ സ്ട്രൈക്കിംഗ് ഫോഴ്സുമുണ്ട്.
വനം, റവന്യൂ, പൊലീസ് എന്നിവരുമായി ചേർന്ന് അനധികൃത വാറ്റ് നടക്കുന്ന സ്ഥലങ്ങളിൽ സംയുക്ത റെയ്ഡ് നടത്തും. ചാരായവും കോടയും നശിപ്പിക്കുന്നതിന് റെയ്ഡുകൾക്കായി പൊലീസ്, ഡി എഫ് ഒ എന്നിവരുമായി ബന്ധപ്പെട്ട് ടീം രൂപീകരിച്ചു. അനധികൃത മദ്യനിർമ്മാണം, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്പിരിറ്റ് കള്ളക്കടത്ത്, സ്പിരിറ്റ് ചാരായമായും നിറം കലർത്തി വിദേശമദ്യമായും ഉപയോഗിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ഇത് തടയണമെന്നാണ് നിർദ്ദേശം. കണ്ടെയ്നർ ലോറികൾ, പാഴ്സൽ സർവീസ് വാഹനങ്ങൾ, ടിപ്പർ ലോറികൾ, രഹസ്യയറയുള്ള ട്രക്കുകൾ, ടൂറിസ്റ്റ് ബസുകൾ എന്നിവ പ്രത്യേകം പരിശോധിക്കും.
കൊറിയർ സവീസും നിരീക്ഷണത്തിൽ.
അന്യസംസ്ഥാന ബസുകളിലും ശക്തമായ പരിശോധന ഉണ്ടായേക്കും. ലഹരിക്കടത്ത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊറിയർ സർവീസുകളെയും നിരീക്ഷിക്കും. എം ഡി എം എ, എൽ എസ് ഡി ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരികൾ കൊറിയർ വഴി എത്തുന്നുണ്ടെന്നാണ് വിവരം. റെയിൽവേ സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ പ്രത്യേകം പരിശോധന നടത്തും.
സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതിന് ശേഷമുള്ള കേസുകൾ.
അബ്കാരി 41.
എൻ ഡി പി എസ് 19.
കോട 70 ലിറ്റർ.
കഞ്ചാവ് 482 ഗ്രാം.
എം ഡി എം എ 11.69 ഗ്രാം.
ബ്രൗൺ ഷുഗർ 400 മില്ലി ഗ്രാം.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം എൻ ശിവപ്രസാദ് പറയുന്നു.
ക്രിസ്മസ് പുതുവത്സര കാലയളവിൽ ജില്ലയിൽ കർശന പരിശോധന ഉണ്ടാകും. മാരക ലഹരി എത്തുന്നത് തടയാൻ അന്യസംസ്ഥാന ബസുകൾ, കൊറിയർ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കും.