
പാലാ . കൈതകൃഷിയിൽ ഒരുമിച്ച് വിളവെടുക്കുന്നതിന് സഹായകമായ ജൈവ ഹോർമോൺ തയ്യാറാക്കി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേയ്ക്ക്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ക്രിസ്റ്റി ജിജി യും റിയോൺ റോയി യുമാണ് ഈ നേട്ടം കൈവരിച്ചത്. കൈത കൃഷിയിൽ ഒരേ സമയം വിളവെടുക്കുന്നതിന് കൈതയുടെ കൂമ്പിൽ എത്തിഫോൺ സ്‌പ്രേ ചെയ്യുകയാണ് പതിവ്. ഇത് പ്രകൃതിയിലെ ചെറു ജീവജാലങ്ങളുടെ സാന്നിദ്ധ്യത്തെ ലഘുവായി ബാധിക്കുന്നതായും ഇവർ പറയുന്നു. എത്തിഫോൺ അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ, തക്കാളി, പനിക്കൂർക്ക ഇവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ജൈവ ഹോർമോൺ ഉപയോഗിച്ചാൽ കൈത ഏകദേശം ഒരേ സമയം പുഷ്പിക്കുമെന്ന് ഇവർ കണ്ടെത്തി. ചെലവ് കുറയ്ക്കാൻ ബേക്കറികളിലെ ജ്യൂസ് അവശിഷ്ടത്തിൽ നിന്ന്ജൈവഹോർമോൺ വേർതിരിക്കാം.
ഡിസംബർ 8, 9 തിയതികളിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരിപ്പിച്ചാണ് ദേശീയ തലത്തിലേയ്ക്ക് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ജനുവരി 27 മുതൽ 31 വരെ ഗുജറാത്തിലെ അഹമ്മദാബാദിലെ ഗുജറാത്ത് സയൻസ് സിറ്റിയിലാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്. ക്രിസ്റ്റി പാലയ്ക്കാട്ടുമല മേൽവെട്ടം ജിജി, സ്റ്റെല്ല ദമ്പതികളുടെ മകനാണ്. റിയോൺ മരങ്ങാട്ടുപിള്ളി തടത്തിൽകുന്നേൽ റോയി സുമ ദമ്പതികളുടെ മകനാണ്.