പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിൽ ചെളിക്കുഴി
പാലാ: ഈ കുളം ചാടിയാൽ അത്യാസന്ന നിലയിലുള്ള രോഗികളുടെ അവസ്ഥയെന്താകും...? അധികാരികൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇക്കാര്യം.
പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയിലെ ചെളിക്കുളമാണ് രോഗികളെ കുഴയ്ക്കന്നത്. കുത്തുകയറ്റം കയറി ഇടത്തേയ്ക്കുള്ള ജനറൽ ആശുപത്രി അങ്കണത്തിലേക്ക് വാഹനങ്ങൾ കയറണമെങ്കിൽത്തന്നെ പെടാപ്പാട് പെടണം. ഇനി കയറി ചെന്നാലോ...? കൂർത്ത പാറക്കല്ലുകൾ നിറഞ്ഞ വഴി. മധ്യേ രണ്ടുമൂന്ന് ചെളിക്കുളങ്ങൾ.ഇവയൊക്കെ തരണം ചെയ്ത് അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികളുടെ അവസ്ഥ ഊഹിയ്ക്കാവുന്നതേയുള്ളൂ... ഈ വഴിയൊന്ന് ടാർ ചെയ്യാനോ അല്ലെങ്കിൽ കുഴിയൊന്ന് നികത്താനോ എന്താണ് തടസമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ചോദ്യം. ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളോടും ഇവിടെ വരുന്നവരുടെ വാഹനങ്ങൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുന്നതിനും ആശുപത്രി അധികൃതർ ഫീസ് ഈടാക്കുന്നുണ്ട്. പക്ഷേ പരാതി ഉയർന്നിട്ടും അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയൊന്ന് നവീകരിക്കുന്ന കാര്യത്തിൽ മാത്രം അധികൃതർക്ക് മിണ്ടാട്ടമില്ല.
വലിയ ബുദ്ധിമുട്ടാണ്...
റോഡിലെ കുഴികളും അത്യാഹിത വിഭാഗത്തോട് ചേർന്ന് റോഡിലുള്ള സ്ലാബുകളും മറ്റും വാഹനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിന് മുന്നിൽ വാഹനങ്ങൾ തിരിക്കാനും ഡ്രൈവർമാർ ക്ലേശിക്കുന്നു. അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയുടെ ഒരു ഭാഗം മുഴുവൻ കാടുകയറിയ നിലയിലാണ്.ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
ഫോട്ടോ അടിക്കുറിപ്പ്
പാലാ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള ശോച്യാവസ്ഥയിലായ വഴി