കോട്ടയം: തമിഴ്‌നാട്ടിൽ നിന്നും അയ്യപ്പഭക്തരുമായി പമ്പയിലേക്ക് പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാപ്രദേശ് സംഘം സഞ്ചരിച്ച കാറിന്റെ മുകളിലേക്കാണ് ബസ് പതിച്ചത്. കണമല ഇറക്കത്തിലെ അട്ടിവളവിൽ ഇന്നലെ പുലർച്ചെയാണ് അപകടം. ബസ് നിയന്ത്രണം നഷ്ടപ്പെട്ട എതിരെ വന്ന മിനി ബസിൽ തട്ടിയതിനെ തുടർന്ന് മറിയുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു തീർത്ഥാടകരെ ബസിന്റെ എമർജൻസി വാതിൽ തുറന്നാണ് പുറത്തിറക്കിയത്. ഇരു വാഹനങ്ങളിലെയും പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ഗതാഗതതടസവും നേരിട്ടു. കണമലയിൽ വേഗനിയന്ത്രണം കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ പറഞ്ഞു.