പൂഞ്ഞാർ :എസ്.എൻ.ഡി.പി യോഗം 108ാം നമ്പർ ശാഖാ പൂഞ്ഞാർ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ഷഡാധാര പ്രതിഷ്ഠയോടുകൂടിയ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 17ന് നടക്കും. രാവിലെ 11.45 നും 12.25 നും മദ്ധ്യേ കുമളി ശ്രീനാരായണ ധർമ്മശ്രമം കാര്യദർശി സ്വാമി ഗുരുപ്രകാശം ശിലാസ്ഥാപനം നിർവഹിക്കും. രാവിലെ 6 മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഷ്ടദ്രവ്യ ഗണപതിഹോമം എന്നിവ നടക്കും. 9.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് അദ്ധ്യക്ഷതവഹിക്കും. സ്വാമി ഗുരുപ്രകാശം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇൻകം ടാക്‌സ് അസി.കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തും.പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുദേവൻ നാമകരണം ചെയ്ത സുശീല രാഘവൻ പാലംപറമ്പിൽ ഭദ്രദീപ പ്രകാശനം നടത്തും. സ്വാതന്ത്ര്യസമരസേനാനി എൻ.കെ രവീന്ദ്രൻ വൈദ്യർ, ശാഖാ സെക്രട്ടറി വി.എസ് വിനു, വൈസ് പ്രസിഡന്റ് വി. ഹരിദാസ് എന്നിവർ സംസാരിക്കും.