പാലാ : തടി പിടിപ്പിക്കാൻ എത്തിച്ച ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. തോടനാൽ മനക്കുന്ന് വടയാർ ക്ഷേത്രത്തിന് സമീപമാണ് ആനയിടഞ്ഞത്. പാപ്പാൻ വെള്ളപ്പുര സ്വദേശിയായ അമലിനാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ശിവ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ഇടഞ്ഞ ആന പ്രദേശവാസിയുടെ പുരയിടത്തിലെ കപ്പയും മറ്റ് കൃഷികളും നശിപ്പിച്ചു. റോഡിലും സമീപത്തെ കൃഷിയിടങ്ങളിലുമായി നിലയുറപ്പിച്ച ആന പ്രദേശത്ത് ഏറെനേരം ഭീതി പരത്തി.
വൈകിട്ട് ആറരയോടെ ആനയെ കുടുക്കിട്ട് നിയന്ത്രണവിധേയമാക്കി. എന്നാൽ വീണ്ടും പരാക്രമം തുടർന്ന ആന വടം പൊട്ടിച്ചു. തുടർന്ന് രാത്രി 9 മണിയോടെ മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്. പാലായിൽ നിന്നും എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ആന ഇടഞ്ഞതറിഞ്ഞ് നിരവധിയാളുകൾ പ്രദേശത്ത് തടിച്ചുകൂടി.