കോടിമത കച്ചേരിക്കടവ് വാട്ടർഹബ് നാശത്തിന്റെ വക്കിൽ
കോട്ടയം:നഗരത്തിരക്കിൽ നിന്നും മാറി സായാഹ്നങ്ങളും ഒഴിവുവേളകളും ചെലവഴിക്കാനായി കോടികൾ മുടക്കി സജ്ജീകരിച്ച കോടിമത കച്ചേരിക്കടവ് വാട്ടർഹബ് പോളയിൽ മുങ്ങി. പോള നിറഞ്ഞത് നീക്കാൻ നടപടിയാകാതെ വന്നതോടെ കനാൽ മുഴുവൻ ജലസസ്യങ്ങൾ നിറഞ്ഞു. കച്ചേരിക്കടവ് വാട്ടർ ഹബിന്റെ തുടർച്ചയായി ഒരു വർഷം മുൻപ് കനാലിലെ പോളകൾ നീക്കിയിരുന്നു. എന്നാൽ, വീണ്ടും പോളയും മാലിന്യവും നിറയുകയായിരുന്നു. വെള്ളം പോലും കാണാൻ സാധിക്കാത്ത നിലയിലാണ് കനാലിൽ പോള തിങ്ങിയിരിക്കുന്നത്.
നാശത്തിന്റെ വക്കിൽ
ബോട്ട് ജെട്ടിയിൽ സന്ദർശകർക്കായി വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, വിളക്ക് കാലുകൾ, ഇരുനിലകളിൽ വാച്ച്ടവർ, കുട്ടികളുടെ പാർക്ക്, ശിക്കാര വള്ളം, ടോയ്‌ലെറ്റ് എന്നിവയൊക്കെയാണ് സജ്ജമാക്കിയത്. ഇതെല്ലാം നശിക്കുകയാണ്. ഹോട്ടൽ, സ്‌നാക്‌സ് പാർലർ, കൂൾബാർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും സഞ്ചാരികളുടെ വരവ് കുറവുമൂലം ഇവയും പ്രവർത്തിക്കുന്നില്ല. കോടിമതബോട്ട് ജെട്ടി മുതൽ കൊടൂരാറിന്റെ തീരം, കച്ചേരിക്കടവ് ബോട്ട്ജെട്ടി മുതൽ പുത്തൻതോട് വരെ നടപ്പാത സൗകര്യമുണ്ട്. ഇതിനു രണ്ടിനും ഇടയിൽ വരുന്ന ഒരു കിലോമീറ്റർ ദൂരത്തിൽ കൂടി നടപ്പാത നിർമിച്ചാൽ നഗരത്തിലെ ഏറ്റവും സൗകര്യപ്രദവും മനോഹരവും പ്രഭാത, സായാഹ്ന വ്യായാമ നടത്തത്തിന് ഇവിടം പ്രയോജനമാകും. നിലവിൽ, വാട്ടർ ഹബിൽ ഫുഡ്‌കോർട്ട് മാത്രമാണ് പ്രവർത്തിക്കുന്നത്. രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇവിടം. കെട്ടിടങ്ങളും നാശത്തിന്റെ വക്കിലാണ്.
പ്രതാപം നഷ്ടപ്പെട്ട്...
ഒരുകാലത്ത് കോട്ടയത്തിന്റെ പ്രധാന ബോട്ടുജെട്ടിയായിരുന്നു കച്ചേരിക്കടവ്. കാലക്രമേണ ബോട്ടു ജെട്ടിയുടെ പ്രതാപം നഷ്ടമായി. ഇതോടെയാണ് ബോട്ടുജെട്ടി നവീകരിച്ച് വാട്ടർ ഹബ്ബാക്കാൻ തീരുമാനിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് എട്ട് കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്. 2015 ൽ നിർമാണം പൂർത്തിയാക്കി മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എന്നാൽ ഒരു ബോട്ടുപോലും കച്ചേരിക്കടവിൽ എത്തിയില്ല. പിന്നീട്, കടവിൽ പോളയും മാലിന്യങ്ങളും തിങ്ങിനിറഞ്ഞതോടെ നീരൊഴുക്കും തടസപ്പെട്ടു.