പൊൻകുന്നം: തെക്കേത്തുകവല കൊട്ടയ്ക്കാട്ടുപടിയിൽ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. ട്രാൻസ്‌ഫോമറിലെ ഫ്യൂസുകൾ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ഊരിമാറ്റുകയും പ്രദേശത്തെ വീടുകളിലേക്കുള്ള കേബിളുകൾ മുറിച്ചുനീക്കുകയും ചെയ്തു. ഏതാനും വീടുകളിൽ മീറ്ററുകളിലെ ഫ്യൂസുകളും നശിപ്പിച്ചു. കേബിൾ ടി.വി., നെറ്റ് കണക്ഷൻ എന്നിവയുടെ കേബിളുകളാണ് നശിപ്പിച്ചത്.

കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫ്യൂസുകൾ പുന:സ്ഥാപിച്ചു. മുമ്പും ഇവിടെ സാമൂഹികവിരുദ്ധർ ആളൊഴിഞ്ഞ പുരയിടങ്ങളിൽ ബൈക്കുകളിലെത്തി തമ്പടിക്കുകയും നാട്ടുകാർക്ക് ശല്യമാവുകയും ചെയ്തിട്ടുണ്ട്. പൊൻകുന്നം പൊലീസ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.