ടൈൽ വിരിയ്ക്കാൻ 30 ലക്ഷം

പാലാ: ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയുടെ 'രോഗം' മാറുന്നു; അടിയന്തിര 'ചികിത്സ' ലഭ്യമാക്കി വഴി നന്നാക്കാനും അനുബന്ധ ജോലികൾക്കുമായി 30 ലക്ഷം രൂപാ അനുവദിച്ചതായി പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ എന്നിവർ അറിയിച്ചു. വഴിവക്കിലെ കാട് വെട്ടിതെളിക്കാൻ മുനിസിപ്പൽ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും ഇരുവരും പറഞ്ഞു. അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയുടെ ശോച്യാവസ്ഥയെക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അത്യാഹിത വിഭാഗത്തിലേക്കുള്ള വഴിയുടെ കവാടം മുതൽ അങ്കണം ടൈൽ വിരിയ്ക്കാനാണ് പദ്ധതി. മറ്റ് അറ്റകുറ്റപ്പണികളും ഇതോടൊപ്പം ചെയ്യും. പുതുവർഷത്തിനു മുമ്പ് പണികൾ പൂർത്തീകരിക്കും. മുനിസിപ്പൽ എഞ്ചിനീയർ സിയാദിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

അടിയന്തിര പരിഹാരം കാണും

ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഉണ്ടാകുന്ന ഏതു ബുദ്ധിമുട്ടിനും അടിയന്തിര പരിഹാരം കാണുമെന്ന് ചെയർമാനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പറഞ്ഞു. ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി ഉൾപ്പെടെ നന്നാക്കാൻ അടിയന്തിര നടപടി സ്വീകരിച്ച നഗരസഭാധികാരികളെ ആശുപത്രി വികസന സമിതിയംഗം ജെയ്‌സൺ മാന്തോട്ടം അഭിനന്ദിച്ചു.