
കോട്ടയം. മൺസൂൺ കാലത്തല്ലാതെ, ഓഫ് സീസണിലും സഞ്ചാരികളെ ആകർഷിക്കാനുള്ള പരിശ്രമത്തിലാണ് പള്ളിക്കത്തോട് അരുവിക്കുഴി വെള്ളച്ചാട്ടം. ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലെ അരുവിക്കുഴി വെള്ളച്ചാട്ടം കാണുന്നതിന് നിരവധി സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ സീസൺ കഴിയുമ്പോൾ സഞ്ചാരികൾ കുറയുകയും വരുമാനത്തിൽ വലിയ ഇടിവുണ്ടാകുകയും ചെയ്യും. ഇതാണ് ടൂറിസം വകുപ്പിനെ നവീകരണത്തിന് പ്രേരിപ്പിക്കുന്നത്.
മൺസൂൺ ആരംഭകാലമായ ജൂൺ മുതൽ ഒക്ടോബർ വരെയാണ് സാധാരണ ആളുകൾ എത്തുക. മഴയുള്ളപ്പോൾ മാത്രം സജീവമാവുകയും ഓഫ് സീസണിൽ വെള്ളം വറ്റുകയും ചെയ്യും. ഇതിന് പരിഹാരമായാണ് ഡി.ടി.പി.സി പുതിയ പ്രോജക്ട് തയ്യാറാക്കിയത്. കുട്ടികൾക്കായി പാർക്ക്, കോഫി ഷോപ്പ് എന്നിവ ക്രമീകരിക്കാനാണ് പ്രധാന നിർദേശം. ഓഫ് സീസണിലും ഇതുവഴി ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. 98 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനമാണ് നടത്തുക.
വരുമാനത്തിൽ ഇടിവ്.
സീസണിൽ പ്രതിദിനം 6000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്നു. കൊവിഡ് കാലത്തിന് ശേഷമാണ് വരുമാനത്തിൽ ഇടിവുണ്ടായത്. വെള്ളം ഇല്ലാത്ത സമയത്ത് പ്രതിദിനം 252 രൂപയായി കളക്ഷൻ കുറഞ്ഞു. ടിക്കറ്റ് കൗണ്ടർ ഓപ്പറേറ്ററും രണ്ട് ലൈഫ് ഗാർഡുമാരുമാണ് ഇവിടെ ജീവനക്കാരായുള്ളത്.
കൂടുതൽ സന്ദർശകർ എത്തുമ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനമില്ലാത്തതും പ്രതിസന്ധിയാണ്. നിലവിൽ വീതികുറഞ്ഞ റോഡരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
പ്രതിദിന വരുമാനം.
സീസണിൽ : 6000 രൂപ.
ഒാഫ് സീസൺ: 252 രൂപ.
ജില്ല ഡി.ടി.പി.സി സെക്രട്ടറി പറയുന്നു.
വരുമാനം കുറഞ്ഞ ടൂറിസം മേഖലയാണ് അരുവിക്കുഴി. ഓഫ് സീസണിലും വരുമാനം നേടുന്നതിനുള്ള പുതിയ പ്രോജക്ടാണ് സമർപ്പിച്ചിരിക്കുന്നത്.