duck

കോട്ടയം. രാജ്യത്ത് ആദ്യമായി ഹരിയാനയിൽ പതിനൊന്നുകാരന്റെ മരണത്തിനിടയാക്കിയ എച്ച് 5 എൻ1 വൈറസാണ് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ കണ്ടെത്തിയത്. പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. ആർപ്പൂക്കര,​ തലയാഴം പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് താറാവുകളിൽ 20 ശതമാനവും കോഴികളിൽ നൂറുശതമാനവും ബാധിക്കും. മനുഷ്യരിലേയ്ക്ക് പടരാതിരിക്കാനുള്ള കർശന ജാഗ്രതാ നിർദേശത്തിലാണ് ജില്ലാ ഭരണകൂടം.

പക്ഷികളിൽ കടുത്ത ശ്വാസകോശ രോഗമുണ്ടാക്കുന്ന പക്ഷിപ്പനി ജില്ലയിൽ പടർന്നത് ദേശാടനക്കിളികളിലൂടെയെന്നാണ് നിഗമനം. പക്ഷികളെ പരിപാലിക്കുന്നവരിൽ രോഗംവരാനുള്ള സാദ്ധ്യത ഏറെയാണ്. സാധാരണ ഇൻഫ്‌ളുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് ഇതിനും. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ഇത് ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗമായി മാറാം.

കിടത്തിചികിത്സ ആവശ്യം.

1997ൽ ചൈനയിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേയ്ക്ക് പടർന്നത്. തൊണ്ട, മൂക്ക് എന്നിവയിൽ നിന്നുള്ള സ്രവങ്ങൾ കൾച്ചർ ചെയ്ത് വൈറസിനെ തിരിച്ചറിയാം. രോഗംബാധിച്ചാൽ കിടത്തിചികിത്സ ആവശ്യമാണ്. ഒസൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് രോഗബാധിതർക്ക് നൽകുന്നത്.

ജാഗ്രത ഇവർക്ക്

പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കർഷകർ.
ഫാം ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ.
ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ.
പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവർ

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഷാജി പണിക്കശേരി പറയുന്നു.

കൃത്യമായ മുൻകരുതലിലൂടെ മനുഷ്യരിലേയ്ക്ക് പടരുന്നത് ഒഴിവാക്കാം. ശരീരവും വസ്ത്രവും മറയ്ക്കുന്ന മേൽവസ്ത്രം ധരിക്കുക. ഷൂസ്,​ കൈയുറകൾ, മാസ്‌ക് എന്നിവയുടെ ഉപയോഗവും ഗുണകരമാണ്. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രമേ കഴിക്കാവൂ.