പാലാ : നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു. നഗരത്തിലെ വ്യാപാരികൾക്കും മറ്റ് യാത്രക്കാർക്കും ഇവർ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ജൂബിലി പെരുന്നാളിന് മുന്നോടിയായി നഗരത്തിൽ തമ്പടിച്ചിരുന്ന ഒട്ടുമിക്ക യാചകരെയും പുനരധിവാസ കേന്ദ്രമായ മരിയ സദനിലേക്ക് നഗരസഭാ അധികാരികൾ മാറ്റിയിരുന്നു. എന്നാൽ ജൂബിലി തിരുന്നാളിന് രണ്ട് ദിവസം മുമ്പേ പത്തോളം സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ ഭിക്ഷാടനത്തിനായി ആരോ പാലായിൽ ഇറക്കിവിടുകയായിരുന്നുവെന്നാണ് ആക്ഷേപം. ഒരു മുഖപരിചയവുമില്ലാതെ, നഗരവാസികൾക്ക് അപരിചിതരായവരാണ് ഇപ്പോൾ യാചകരുടെ വേഷത്തിൽ വരുന്നതെന്ന് വ്യാപാരികളും മറ്റും ചൂണ്ടിക്കാട്ടുന്നു.
രാവിലെ 9 മുതൽ നഗരത്തിലെ വിവിധ കടകൾ കയറിയിറങ്ങുകയാണ് സ്ത്രീകൾ ഉൾപ്പെട്ട ഈ സംഘം. ഹോട്ടലുകളുടെയും മറ്റും കവാടത്തിന് മുന്നിൽ കാത്തുനിൽക്കുന്ന ഇവർ ഭക്ഷണം കഴിച്ചെത്തുന്നവർക്കുനേരെ കൈ നീട്ടുകയാണ്. രാവിലെ മുതലുള്ള ഇവരുടെ ശല്യംകൊണ്ട് വ്യാപാരികളും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരും വലയുകയാണ്.
യാചിച്ച് ഉണ്ടാക്കുന്ന പണം വൈകിട്ട് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന് സമീപം തമ്പടിച്ച് ഇവർ വീതിച്ചെടുക്കുകയാണ്. ഇവരിൽ നിന്നുള്ള വീതം കൈപ്പറ്റാൻ ഭിക്ഷാടന മാഫിയായിൽപ്പെട്ടവർ എത്താറുണ്ടെന്നും പറയപ്പെടുന്നു. തല മറച്ചും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ചുകൊണ്ട് കൈയ്യും കാലുമൊക്കെ പ്ലാസ്റ്ററും മറ്റും ചുറ്റിയുമാണ് ഇവർ ഭിക്ഷാടനത്തിന് എത്തുന്നത്. പലർക്കും വിവിധ അസുഖങ്ങളുണ്ടെന്നും പറയപ്പെടുന്നു.
കൈനീട്ടി പിന്നാലെ
ഹോട്ടലുകളുടെയും ബേക്കറികളുടെയുമൊക്കെ മുന്നിൽ കൈനീട്ടി നിൽക്കുന്ന ഇവരെ ഓടിച്ചുവിടാനേ സമയമുള്ളൂവെന്ന് ഹോട്ടലുടമകളും മറ്റും പറയുന്നു. ഒരാളെ ഓടിച്ചുവിട്ടാൽ ഒരു മണിക്കൂറിനുള്ളിൽ അടുത്തയാൾ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഭിക്ഷാടകരുടെ ശല്യം മൂലം ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു. പാലാ ജൂബിലി തിരുന്നാൾ ലാക്കാക്കിയാണ് ഇവരെ കൊണ്ടുവന്നിറക്കിയത്. ഇനി പൈക ജൂബിലി തിരുന്നാൾ കഴിയുംവരെ പാലായിലും പൈകയിലും മറ്റ് സമീപ പ്രദേശങ്ങളിലുമൊക്കെയായി ഇവർ ചുറ്റിക്കറങ്ങിയേക്കും.
ഭിക്ഷാടന മാഫിയയെ കെട്ടുകെട്ടിക്കാൻ പാലാ നഗരസഭാ അധികാരികളും പൊലീസും സത്വര നടപടി സ്വീകരിക്കണം. കുട്ടികൾ ഉൾപ്പടെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്
രാജേന്ദ്രൻ, യാത്രക്കാരൻ