കോട്ടയം : ജില്ലയിൽ വടവാതൂരും ഈരയിൽക്കടവിലും പ്രവർത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രിയും ഡിസ്പെൻസറിയും പരാധീനതകളിൽ വീർപ്പുമുട്ടുന്നു. നിരവധിപ്പേർ ആശ്രയിക്കുന്ന വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിൽ 2021 ജൂണിൽ ആരംഭിച്ച ഐ.സി.യു ഇപ്പോഴും പൂർണമായി പ്രവർത്തിക്കുന്നില്ല. ആവശ്യത്തിന് സ്റ്റാഫ് നഴ്സുമാർ, തിയേറ്റർ ടെക്നീഷ്യൻ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ഗ്രേഡ് 1, ഗ്രേഡ് II അറ്റൻഡർമാർ, കേന്ദ്രീകൃത ഓക്സിജൻ ഇവയുടെ അഭാവമാണ് വില്ലനായത്. 4 എംപ്ലോയ്മെ​ന്റ് ജീവനക്കാരെ വച്ചാണ് പ്രവർത്തനം. 2017 മുതൽ സ്ഥിരമായി ഗൈനക്കോളജി ഡോക്ടറുമില്ല. കൊല്ലം ഏനാത്ത് ഇ.എസ്.ഐ ആശുപത്രിയിൽ നിന്നാണ് ആഴ്ചയിൽ രണ്ടുദിവസം ഡോക്ടർ എത്തുന്നത്. 14 ക്വാർട്ടേഴ്സുകളിൽ 5 എണ്ണം വാസയോഗ്യമല്ല. ബാക്കി ഒൻപത് എണ്ണം തകർന്ന നിലയിലാണ്. ആശുപത്രി ജീവനക്കാർ ക്വാർട്ടേഴ്സുകളിൽ താമസിക്കാൻ തയ്യാറാകുന്നില്ല.

നിലംപൊത്താം ഏത് നിമിഷവും

എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാമെന്ന നിലയിലാണ് ഈരയിൽക്കടവ് ഇ.എസ്.ഐ ഡിസ്പെൻസറി കെട്ടിടം. മഴ പെയ്താൽ ഭിത്തിയിലൂടെ വെള്ളം ചോർന്നൊലിക്കും. കെട്ടിടത്തിൽ പലയിടത്തും വിള്ളൽ. കോൺക്രീറ്റ് അടർന്നുവീണ് കമ്പികൾ തെളിഞ്ഞുകാണാം. ജനൽകമ്പികൾ ദ്രവിച്ചു. വെള്ളം ചോരുന്നതിനാൽ മരുന്നുകൾ സുരക്ഷിതമായി എവിടെ സൂക്ഷിക്കുമെന്നറിയാതെ ആശങ്കയിലാണ് ജീവനക്കാർ. ഡിസ്പെൻസറിയോട് ചേർന്നുള്ള 4 ക്വാർട്ടേഴ്സും കാലപ്പഴക്കംകൊണ്ട് അപകടാവസ്ഥയിലാണ്. ഒരെണ്ണം ഇടിഞ്ഞുവീണു. 5 ഡോക്ടർമാരടക്കം 26 ജീവനക്കാർ ഭയത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. വീൽച്ചെയറിൽ എത്തുന്ന രോഗികൾക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യവുമില്ല. മേയിൽ വിരമിച്ച ഫാർമസി​സ്റ്റിന് പകരം ആളെത്തിയില്ല. പ്രതിദിനം 150 - 250 രോഗികൾ ഡിസ്പെൻസറിയെ ആശ്രയിക്കുന്നുണ്ട്.