musium

കോട്ടയം. കോട്ടയത്ത് അക്ഷരമ്യൂസിയത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ നാലേക്കർ സ്ഥലത്താണ് അക്ഷര, ഭാഷ, സാഹിത്യ, സാംസ്‌കാരിക മ്യൂസിയം നിർമ്മിക്കാൻ സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ഒരു പുസ്തകം തുറന്നുവച്ച മാതൃകയിലാണ് കെട്ടിടം. നാട്ടകം ഇന്ത്യാപ്രസ് സ്ഥിതി ചെയ്തിരുന്ന ഒരേക്കറിൽ 25,000 ചതുരശ്ര അടിയുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്.

2020 ഫെബ്രുവരിയിലാണ് സഹകരണമന്ത്രി വി.എൻ വാസവൻ മ്യൂസിയത്തിന് തറക്കല്ലിട്ടത്. സർക്കാരിന്റെ കേരള മ്യൂസിയം ഏജൻസിക്കായിരുന്നു ആദ്യ കരാർ. അവർ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ നിർമ്മാണം നിലച്ചു. സംഘം നേരിട്ട് ടെൻഡർ വിളിച്ച് ഒരുമാസം മുൻപാണ് നിർമ്മാണം പുനരാരംഭിച്ചത്. കോഴിക്കോട് ഊരളുങ്കൽ ലേബർ സൊസൈറ്റിയ്ക്കാണ് നിർമ്മാണ കരാർ. രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. 40 തൊഴിലാളികൾ നിലവിലുണ്ട്. വിവിധ തട്ടുകളായുള്ള സ്ഥലം നിരപ്പാക്കുന്ന ജോലികളും അടിത്തറയുടെ പൈലിംഗ് പ്രവർത്തനങ്ങൾക്കും തുടക്കമായി.

മെഴുക് പ്രതിമകൾ സ്ഥാപിക്കും.

ആദ്യഘട്ടത്തിൽ 4.75 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, നാല് ഗാലറി, ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, വികാസം, പരിണാമം, പഴയ അച്ചടി യന്ത്ര പ്രവർത്തനം, മാതൃകാ പ്രദർശനം എന്നിവയൊരുക്കുമെന്ന് പ്രോജക്ട് അസിസ്റ്റന്റ് വിനോദ് പറഞ്ഞു. മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങൾ അവരുടെ ശബ്ദത്തിൽ കേൾക്കാനുള്ള സൗകര്യം, വെർച്വൽ റിയാലിറ്റി സംവിധാനത്തോടെ സംവദിക്കാൻ അവസരം, എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട് പുരാവസ്തു പുരാരേഖകളുടെ ശേഖരം, സംരക്ഷണം, ഓപ്പൺ എയർ ഓഡിറ്റോറിയം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഓഡിയോ വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്‌സ് ആംഫി തിയേറ്റർ, പുസ്തക ശേഖരം, സുവനീർ ഷോപ്പ്, പുസ്തകങ്ങളുടെ ആദ്യ പതിപ്പുകൾ, ആർക്കൈവിംഗ്, എപ്പിഗ്രഫി, മ്യൂസിയോളജി, കൺസർവേഷൻ വിഷയങ്ങളിൽ പഠന ഗവേഷണ സൗകര്യം എന്നിവയുണ്ടാകും. തകഴി, ബഷീർ, കാരൂർ, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ മെഴുക് പ്രതിമകൾ സ്ഥാപിക്കും. കവിത, ഗദ്യം, വൈജ്ഞാനിക സാഹിത്യം എന്നിവയുടെ ശേഖരവും ഒരുക്കാനും പദ്ധതിയുണ്ട്.

നിർമ്മാണ ചെലവ്

9.5 കോടി രൂപ.