മുണ്ടക്കയം : മുളങ്കയം റൂട്ടിലൂടെയാണോ യാത്ര. അല്പം കരുതിയിരിക്കുന്നത് നല്ലതാണ്. വീതി കുറഞ്ഞ റോഡിലെ അപകടകരമായ എസ് വളവിൽ അപകടം പതിയിരിപ്പുണ്ട്. ദേശീയപാതയിൽ ഇടുക്കി ജില്ലയിൽ കല്ലേപാലത്തിന് സമീപം 34-ാം മൈലിൽ നിന്ന് തിരിഞ്ഞ് മുളങ്കയം റോഡ് വഴിയുള്ള യാത്ര ശബരിമല തീർത്ഥാടകർക്ക് ഏറെ എളുപ്പമാണ്. ഈ വഴി നേരെ വന്ന് എത്തുന്നത് കോസ്‌വേക്കു സമീപം പൂഞ്ഞാർ - എരുമേലി സംസ്ഥാന പാതയിലാണ്. തമിഴ്നാട് ഇൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളി വഴി എത്തുന്ന വാഹനങ്ങളാണ് ഇതുവഴി കടത്തി വിടുന്നത്.
അമിത വേഗത്തിലാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇതിനിടെ വഴിയാത്രക്കാർ ഓടി രക്ഷപ്പെടുകയാണ്. രണ്ട് വലിയ ബസുകൾ വന്നാൽ ഗതാഗതം കുരുങ്ങും. പിന്നീട് പിന്നോട്ട് എടുത്ത ശേഷമാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഈ വഴി വാഹനങ്ങൾ കടത്തി വിടുന്നതിനാൽ ടൗണിലെ ഗതാഗതക്കുരിക്കിന് പരിഹാരമാണ്. എന്നാൽ അപകട സാദ്ധ്യതയും അമിത വേഗവും നിയന്ത്രിക്കാൻ വളിവിനു സമീപം പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം. 34–ാം മൈലിൽ പെരുവന്താനം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും, കോസ്‌വേ സമീപം മുണ്ടക്കയം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ട്. ഇവരിൽ ഒരാളെ ഇവിടേക്ക് നിയോഗിച്ചാൽ അപകടസാദ്ധ്യത ഒഴിവാക്കാൻ കഴിയും.